മന്ത്രി സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍; കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം: മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയം കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശൂരില്‍ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക വസതിയില്‍ മന്ത്രി സ്വയം നിരീക്ഷണത്തിലേക്കു മാറിയത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ പിന്നീടു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ തന്നെ ആരോഗ്യ വകുപ്പ് അധികൃതര്‍ മന്ത്രിയുടെ സ്രവം പരിശോധയ്ക്കെടുത്തിരുന്നു. വൈകുന്നേരത്തോടെ മന്ത്രിയുടെയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ടി. പ്രദീപ്കുമാറിന്റെയും പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. എങ്കിലും ഇരുവരും ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മന്ത്രിയും കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥയും ഈ മാസം 15ന് നടന്ന യോഗത്തിലുണ്ടായിരുന്നു. തൃശൂര്‍ കോര്പറേഷന് ഓഫിസിലാണ് മന്ത്രി യോഗം വിളിച്ചത്. മന്ത്രിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായിരുന്നു യോഗം. ഈ യോഗത്തിലാണ് ഉദ്യോഗസ്ഥയും പങ്കെടുത്തത്. തൃശൂര്‍ കോര്‍പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണിവര്‍. ഇവരടക്കം ഏഴു പേര്‍ക്ക് ഇതുവരെ കോര്‍പറേഷനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പൊസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം വരുന്നതിനു മുമ്പുതന്നെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നതായി മന്ത്രി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ വീട്ടിലിരുന്നുകൊണ്ടു തന്നെ ഓണ്‍ലൈന്‍ വഴി ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."