ബിരുദ, ബിരുദാനന്തര പഠനം ക്ലാസില്‍നിന്നു പുറത്തേക്ക്
ഈ വര്‍ഷം തുടങ്ങുന്നത് ഇരുന്നൂറോളം കോഴ്‌സുകള്‍
ജൂലൈ 31 വരെ അപേക്ഷാ സമയപരിധി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന സമഗ്രമാറ്റത്തിന് ഗവര്‍ണറുടെ അനുമതിയും കാത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
അനുമതി ലഭിക്കുന്നതോടെ ജൂലൈ 31 സമയ പരിധിയായി നിശ്ചയിച്ചാകും പുതിയ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുക. ഏതാണ്ട് ഇരുന്നുറോളം പുതിയ കോഴ്‌സുകളാണ് തുടങ്ങുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പാഠ്യപദ്ധതിയെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ധാരണകളെയും പൊളിച്ചെഴുതിക്കൊണ്ടായിരിക്കും നാല് വര്‍ഷമുള്ള ഓണേഴ്‌സ് ബിരുദവും ഇന്റഗ്രേറ്റഡ് ബിരുദ, ബിരുദാനന്തരമുള്‍പ്പടെയുള്ള പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നത്.
നിലവിലെ കോളജ് വിദ്യാഭ്യാസം ക്ലാസ് മുറികളിലെ വിദ്യാഭ്യാസം മാത്രമായി പരിമിതപ്പെടുന്നുവെന്നും ഗവേഷണത്തിനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ ആറംഗ സമിതി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേരളത്തിന്റെ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ (പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ ശരാശരി ശതമാനക്കണക്ക് ) തമിഴ്‌നാടിനേക്കാള്‍ പിന്നിലാണെന്നും അതുയര്‍ത്തുന്നതിന് കോഴ്‌സുകളുടെ ആഗോള അംഗീകാരവും ജോലി സാധ്യതകളും ഗവേഷണത്തിനുള്ള മുന്‍തൂക്കവും ആവശ്യമാണെന്നും എം.ജി സര്‍വകലാശാല വി.സി ഡോ. സാബു തോമസ് ചെയര്‍മാനായ സമിതി പറയുന്നു. ഇതു മുന്‍നിര്‍ത്തിയുള്ള സമൂല മാറ്റമായിരിക്കും ഈ അധ്യയന വര്‍ഷം ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാവുക.
കൊതിപ്പിക്കും ഡിഗ്രി പഠനം
നാക് അക്രഡിറ്റേഷനിലെ പ്രമുഖ മാനദണ്ഡമാവാന്‍ സാധ്യതയുള്ള അണ്ടര്‍ ഗ്രാജുവേറ്റ് റിസര്‍ച്ച് ബിരുദ പ്രോഗ്രാമുകള്‍ക്ക് നിര്‍ബന്ധമാക്കും. നാലു വര്‍ഷത്തെ ഓണേഴ്‌സ് ഡിഗ്രി കോഴ്‌സുകള്‍ക്ക് വിദേശ സര്‍വകലാശാലകളിലെ രീതിയായിരിക്കും പിന്തുടരുക. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, ബയോളജിക്കല്‍ സയന്‍സ് മേഖലകളിലായിരിക്കും ഓണേഴ്‌സ് ഡിഗ്രി തുടങ്ങുക. മൂന്നു വര്‍ഷ ബിരുദത്തിനുശേഷം ഒരു വര്‍ഷം ഒരു വിഷയത്തില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ കഴിയുന്ന 49 കോഴ്‌സുകളുമുണ്ടാകും. ഐ.ഐ.ടികളിലെ പ്രോഗ്രാം പോലെ ബിരുദത്തോടൊപ്പം അഡീഷണല്‍ കോഴ്‌സ് പഠിച്ച് മൈനര്‍ ബിരുദംകൂടി നേടുന്ന കോഴ്‌സുകളുമുണ്ടാകും.
മൂന്നു മേജര്‍ വിഷയങ്ങള്‍ ഒരുമിച്ച് പഠിക്കാന്‍ കഴിയുന്ന ട്രിപ്പിള്‍ മെയിന്‍ ഡിഗ്രി കെമിക്കല്‍, സിസ്റ്റം, കംപ്യൂട്ടേഷനല്‍ ബയോളജി, ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, ഫോറിന്‍ ലാംഗ്വേജസ്, നാനോ സയന്‍സ്, ആസ്‌ട്രോ ഫിസിക്‌സ്, സ്‌പേസ് സയന്‍സ്, ഇക്കണോമെട്രിക്‌സ്, ഡേറ്റ അനലറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിലായിരിക്കും പുതിയ കോഴ്‌സ്.
ന്യൂജെന്‍ ഡിഗ്രി കോഴ്‌സുകളില്‍ ഡിസൈന്‍, റൂറല്‍ ഡെവലപ്‌മെന്റ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്,ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ്, മോഡേണ്‍ ലാംഗ്വേജസ്, ആന്ത്രപ്പോളജി, ആര്‍ക്കിയോളജി, ഓഡിയോളജി എന്നിവയും ഉള്‍പ്പെടും.
പെട്രോളിയം ജിയോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോടിക്‌സ്, സ്‌പേസ് സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നിലവില്‍ വരും.
എന്‍ജിനിയറിങ് കോളജുകളില്‍ ഇന്റര്‍ ഡിസിപ്ലിനറി പഠനം സാധ്യമാകുന്ന നവീന പഠന ശാഖകളുള്ള എം.ടെക് പ്രോഗ്രാമുകള്‍ ആരംഭിക്കും. എന്‍ജിനിയറിങ് പ്രോഗ്രാമുകളില്‍ എം.ടെക് കോഴ്‌സുകളായി എജ്യൂക്കേഷണല്‍ ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (എഫ്.ടി), ഹെല്‍ത്ത് സയന്‍സ് ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, മീഡിയ എന്‍ജിനിയറിങ് ടെക്‌നോളജിവരെയുള്ള ഡസനിലേറെ കോഴ്‌സുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."