രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: കൊലപാതകങ്ങളെത്തുടര്‍ന്ന് പയ്യന്നൂരിലും പരിസരങ്ങളിലും അരങ്ങേറിയ അക്രമ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരിവെള്ളൂര്‍ വടക്കുമ്പാട്ടെ സി.പി.എം പ്രവര്‍ത്തകരായ ടി സുരേഷ് കുമാര്‍ (34), തെരുവിലെ പി.വി വൈശാഖ് (26) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ എ.വി ദിനേശനും സംഘവും അറസ്റ്റു ചെയ്തത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കരിവെള്ളൂര്‍ വടക്കുമ്പാട്ടെ എം.വി രവീന്ദ്രന്റെ വീടും കാറും തകര്‍ക്കുകയും ഓണക്കുന്നിലെ കുണ്ടത്തില്‍ ബാലന്റെ ബേക്കറി തകര്‍ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
പയ്യന്നൂരിലും പരിസരങ്ങളിലും നടന്ന 22 അക്രമ സംഭവത്തില്‍ 18 കേസുകള്‍ പയ്യന്നൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു. ഇരു വിഭാഗങ്ങളിലുമായി നൂറോളം പേരാണ് പ്രതികളായുള്ളത്.
പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലെ രാമന്തളി, കക്കംപാറ, കാര, അന്നൂര്‍, കരിവെള്ളൂര്‍, ചീറ്റ എന്നിവിടങ്ങളിലായി 16 വീടുകള്‍ തകര്‍ക്കുകയും മിനി ബസ് ഉള്‍പ്പെടെ 18 വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. എട്ടിക്കുളം കക്കംപാറയില്‍ ഒരു മഴുവും വടിവാളും ഇരുമ്പുവടികളും ഇന്നലെ കണ്ടെടുത്തതായി സൂചനയുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളാണോ എന്നു സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."