അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് മൂന്ന് കോടി പിഴ ചുമത്തി
ആദ്യഘട്ടമായി 51 ലക്ഷം രൂപ സഭ പിഴയടച്ചു
കൊച്ചി: വിവാദ ഭൂമിയിടപാടില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് മൂന്ന് കോടി രൂപപിഴ ചുമത്തി. ആദ്യഘട്ടമായി 51 ലക്ഷം രൂപ സഭ പിഴയടച്ചു. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. 16 ലക്ഷം രൂപക്ക് ഭൂമി കച്ചവടം നടത്താന്‍ ഉണ്ടാക്കിയ രേഖ ആദായ നികുതി വകുപ്പ് കണ്ടെടുത്തിരുന്നു ഇതിന് പിന്നാലെയാണ് പിഴ ചുമത്തിയത്. ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
സഭക്കുണ്ടായ കടം വീട്ടാനാണ് നഗരത്തില്‍ അഞ്ചിടങ്ങളിലായി മൂന്ന് ഏക്കര്‍ ഭൂമി സെന്റിന് 9 ലക്ഷം രൂപ നിരക്കില്‍ 27 കോടി രൂപക്ക് വില്‍ക്കാന്‍ 2015ല്‍ തീരുമാനിച്ചത്. എന്നാല്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപക്ക് വില്‍പ്പന നടത്തി. സഭക്ക് 9 കോടി രൂപ കൈമാറി. 36 പ്ലോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാര്‍ മുഖേന അഞ്ച് ഇരട്ടി തുകയ്ക്ക് മറിച്ചുവിറ്റുവെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തി.
ഭൂമി വിറ്റതിലൂടെ സഭയ്ക്ക് കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. സഭയുടെ സമിതികളില്‍ ആലോചിക്കാതെ നടത്തിയ ഈ വില്‍പ്പന കര്‍ദിനാളിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ നാല് കോടി രൂപ കൂടി ഇടനിലക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു. കര്‍ദിനാള്‍ ആലഞ്ചേരിയായിരുന്നു ഇടനിലക്കാരനായ സാജു വര്‍ഗീസിനെ സഭക്ക് പരിചയപ്പെടുത്തിയത്. ഇതോടെ വൈദികര്‍ കൂട്ടത്തോടെ കര്‍ദിനാളിനെതിരേ രംഗത്ത് വന്നു. അതിരൂപതയില്‍ ഭരണ പ്രതിസന്ധി വരെ സംജാതമായതോടെ വത്തിക്കാന്‍ നേരിട്ട് ഇടപെടുകയും അതിരൂപതയില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."