തിരഞ്ഞെടുപ്പിനു കച്ചമുറുക്കി യു.ഡി.എഫ്: നയിക്കാനെത്തുന്നു ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനു ഇപ്പഴേ കച്ചമുറുക്കി യു.ഡി.എഫ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെ തന്നെ തിരികെകൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പുതുപ്പള്ളിയില്‍ നിന്നുതന്നെ ഉമ്മന്‍ചാണ്ടി ജനവിധി തേടും. അതേ സമയം അടുത്ത ഊഴം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുവേണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് അങ്ങനെ ശക്തമാക്കാനൊരുങ്ങുമ്പോള്‍ ലീഗ് രാഷ്ട്രീയത്തിന്റെ കേരള ഭൂപടത്തിലേക്ക് പി.കെ കുഞ്ഞാലിക്കുട്ടിയും മടങ്ങിയെത്തുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നീക്കത്തോട് വിയോജിപ്പുള്ളവരും ഇല്ലാതില്ല. എങ്കിലും തിരിച്ചുവരവ് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമായതായി കുഞ്ഞാലിക്കുട്ടിയുമായി അടുത്ത് ബന്ധമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാനൊരുങ്ങുന്നത്. മലപ്പുറം മണ്ഡലത്തില്‍ നിന്നുതന്നെയാവും നിയമസഭയിലേക്ക് മത്സരിക്കുക. പാര്‍ലമെന്റില്‍ ലീഗിന്റെ ശബ്ദമായിരുന്ന ഇ.അഹമദിന്റെ നിര്യാണത്തെ തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ കരുത്തനായ നേതാവെന്ന നിലയിലാണ് നേതൃത്വം കുഞ്ഞാലിക്കുട്ടിയെ പാര്‍ലമെന്റിലേക്ക് അയച്ചത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി മാറിയതും, പ്രതിപക്ഷ നിര നിഷ്പ്രഭമായതുമൊക്കെ ന്യൂനപക്ഷ വിഷയങ്ങളില്‍ പോലും പ്രത്യേകിച്ചൊന്നും ചെയ്യാനാവാത്ത സ്ഥിതിയാണുണ്ടാക്കിയത്.
ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പേരിനുമാത്രമായി. കേന്ദ്രസര്‍ക്കാരിന്റെ ശക്തി വര്‍ധിച്ചു. ഇതൊക്കെയാണ് കുഞ്ഞാലിക്കുട്ടിക്കു ദേശീയ രാഷ്ട്രീയത്തോട് മടുപ്പുണ്ടാക്കാന്‍ കാരണമായതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. അതേസമയം കേരളത്തിലേക്കുള്ള മടങ്ങിവരവിന് നിരന്തരം പ്രേരിപ്പിക്കുകയാണ് യു.ഡി.എഫ് നേതാക്കള്‍.
യു.ഡി.എഫിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ പല പ്രതിസന്ധികളും തരണം ചെയ്യാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിക്കുന്നത്. യു.ഡി.എഫ് ഘടക കക്ഷികളില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് നല്‍കുന്ന വിലയും യു.ഡി.എഫില്‍ കുഞ്ഞാലിക്കുട്ടിക്ക് മേല്‍ക്കോയ്മ നല്‍കുന്നുണ്ട്.
കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ്, ജോസ് വിഭാഗങ്ങളുടെ പോര് പൊട്ടിത്തെറിയിലേക്ക് പോകാതെ തര്‍ക്കത്തില്‍ മാത്രം ഒതുങ്ങുന്നത് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകളുടെ വിജയമായാണ് മുന്നണി നേതൃത്വം കാണുന്നത്. അതേസമയം ദേശീയതലത്തില്‍ മുസ്‌ലിം സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും കൂടുതല്‍ ശക്തി നേടാന്‍ ശ്രമിക്കുന്ന അവസരത്തില്‍ പാര്‍ലിമെന്റ് അംഗമായ കുഞ്ഞാലിക്കുട്ടി സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നത് മുസ്‌ലിം രാഷ്ട്രീയശാക്തീകരണത്തേയും ഭാവിയേയും ഗുരുതരമായി ബാധിക്കുമെന്ന നിലപാടുള്ള ഒരു വിഭാഗം ലീഗിലുണ്ട്. ദേശീയ തലത്തില്‍ മുസ്ലിംകള്‍ ഉള്‍പ്പടെ ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളില്‍ പാര്‍ലമെന്റിലും പുറത്തും അവതരിപ്പിക്കാനും നേതൃത്വം നല്‍കാനും കുഞ്ഞാലിക്കുട്ടിയുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹത്തെ കേരള രാഷ്ട്രീയത്തില്‍ ഒതുക്കാന്‍ അനുവദിക്കരുതെന്നും ലീഗിലെ ഒരു വിഭാഗം നിലപാട് സ്വീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."