അറബ് ലീഗില്‍ ഖത്തര്‍ അമീറിന്റെ അപ്രതീക്ഷിത നീക്കം; പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി
റിയാദ്: തുനീഷ്യയില്‍ നടക്കുന്ന അറബ് ഉച്ചകോടിക്കിടെ ഖത്തര്‍ അമീറിന്റെ അപ്രതീക്ഷിത നീക്കം. ഏവരും ഏറെ പ്രതീക്ഷിച്ച ഉച്ചകോടിയില്‍ പ്രസംഗം നടത്താതെയാണ് ഖത്തര്‍ അമീര്‍ ഉച്ചകോടിയില്‍ നിന്നും എഴുന്നേറ്റു പോയത്. സംഭവത്തെ സഊദി അനുകൂല മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. തുനീസ്യന്‍ പ്രസിഡന്റ് ബാജി കൈദ് എസ്സിബ്സിക്കുശേഷം അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗൈത് പ്രസംഗം തുടങ്ങിയയുടന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എഴുന്നേറ്റു പോകുകയായിരുന്നു. അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ പ്രസംഗം പൂര്‍ണമായും ശ്രവിക്കുവാനോ തന്റെ പ്രസംഗം നടത്താനോ തയാറാകാതെയാണ് അമീറിന്റെ അപ്രതീക്ഷിത നടപടി.
പുറത്തിറങ്ങിയ അമീര്‍ നേരെ വിമാനത്താവളത്തിലേക്കാണ് പോയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദേഹം നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് പോയതെന്ന് തുനീഷ്യ ഖത്തര്‍ അംബാസിഡര്‍ സാദ് ബിന്‍ നാസര്‍ ഹമീദി തുനിസ് വാര്‍ത്താ ഏജന്‍സി അഫരിഖ്നോട് വ്യക്തമാക്കി. എന്നാല്‍ ഈ യാത്ര നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ കൊണ്ടുവന്ന ഉപരോധത്തിന് ശേഷമുള ആദ്യ അറബ് ഉച്ചകോടിയാണ് തുനീഷ്യയില്‍ നടന്നത്.
എന്നാല്‍, അറബ് ലീഗ് സെക്രട്ടറി ജനറല്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ഖത്തര്‍ അമീര്‍ വേദി വിട്ടതെന്ന് തുനീഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിന് ചില അറബ് പോക്കറ്റുകള്‍ തുര്‍ക്കി രൂപീകരിക്കുകയാണെന്നും ചില അറബ് രാജ്യങ്ങളില്‍ കുഴപ്പങ്ങളും സംഘര്‍ഷങ്ങളും കുത്തിപ്പൊക്കാന്‍ ഇറാനും തുര്‍ക്കിയും ശ്രമികുകയാണെന്നുമായിരുന്നു സെക്രട്ടറി ജനറല്‍ പ്രസംഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."