വൈദികന്റെ മരണം: അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: പുന്നത്തുറ സെന്റ് തോമസ് പള്ളിയിലെ വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ (51) മൃതദേഹം പള്ളിവളപ്പിലെ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇടവകാംഗങ്ങളും നാട്ടുകാരും ദുരൂഹത ആരോപിച്ചതിന്റെ കൂടി അടിസ്ഥാനത്തില്‍ വിവിധ വശങ്ങള്‍ പരിശോധിച്ചാണ് പൊലിസ് അന്വേഷണം തുടരുന്നത്.
അസ്വഭാവിക മരണത്തിനാണ് പൊലിസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സാമ്പത്തിക വിഷയങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അള്‍ത്താരയില്‍നിന്ന് കുരിശ് രൂപം മാറ്റിയതിനെ ചൊല്ലി വിശ്വാസികള്‍ തമ്മിലുള്ള തര്‍ക്കവും തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷവും ഇടവകാംഗങ്ങള്‍ മറ്റു പള്ളികളില്‍ പോയിതുടങ്ങിയതും വൈദികന് ഏറെ മാനസികസംഘര്‍ഷമുണ്ടാക്കിയിരുന്നുവത്രേ. വൈദികന്‍ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല.
വൈദികന്റെ ശ്വാസകോശത്തിലും ആമാശയത്തിലും വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഈ വെള്ളവും ചെളിയും വൈദികന്‍ കിടന്ന കിണറ്റിലേതു തന്നെയാണോ എന്നറിയാന്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ജന്മനാടായ കുട്ടനാട്ടിലെ മങ്കൊമ്പ് തെക്കേക്കരയിലെ സെയ്ന്റ് ജോണ്‍സ് പള്ളിയില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."