സഫൂറ സര്‍ഗാറിന് ജാമ്യം
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്ത ജാമിഅ വിദ്യാര്‍ഥിനിയും ഗര്‍ഭിണിയുമായ സഫൂറ സര്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ഒടുവില്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍, ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പൊലിസ് ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് തീരുമാനം ഇന്നലത്തേയ്ക്കു മാറ്റിയിരുന്ന കോടതി, മാനുഷിക പരിഗണനവച്ച് ജാമ്യം അനുവദിച്ചതായി വ്യക്തമാക്കുകയായിരുന്നു. ഇതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല.
ഡല്‍ഹി വംശഹത്യയിലടക്കം പ്രതിചേര്‍ത്ത് യു.എ.പി.എ ചുമത്തിയായിരുന്നു 27കാരിയായ സഫൂറ സര്‍ഗാറിനെ ഏപ്രില്‍ പത്തിന് പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ഇവര്‍ക്കു ജാമ്യം ലഭിച്ചിരുന്നെങ്കിലും കൂടുതല്‍ കേസുകളില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ ഡല്‍ഹി പൊലിസ് ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. അന്വേഷണത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുത്, അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് കോടതി ഇന്നലെ സഫൂറ സര്‍ഗാറിന് ജാമ്യം അനുവദിച്ചത്. പതിനായിരം രൂപ കെട്ടിവയ്ക്കുന്നതിനൊപ്പം 15 ദിവസംകൂടുമ്പോള്‍ അന്വേഷണോദ്യോഗസ്ഥനുമായി ഫോണില്‍ ബന്ധപ്പെടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജാമിഅ മില്ലിയ്യയില്‍ എം.ഫില്‍ ചെയ്യുന്ന സഫൂറ സര്‍ഗാര്‍ ആറു മാസം ഗര്‍ഭിണിയാണ്. ഗര്‍ഭിണിയാണെന്നു വച്ച് ജാമ്യം നല്‍കരുതെന്നും ഗര്‍ഭിണികള്‍ ജയിലില്‍ കഴിയുന്നത് ആദ്യ സംഭവമല്ലെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്ന ഡല്‍ഹി പൊലിസ്, ഇന്നലെ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തില്ല.
എന്നാല്‍, അന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന് ഡല്‍ഹി പൊലിസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."