ഖത്തറില്‍ പ്രവാസികളായ പ്രൊഫഷണലുകള്‍ക്കിടയില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നു
ദോഹ: ഖത്തറില്‍ സ്വദേശികള്‍കള്‍ക്കിടയിലും എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളായ പ്രൊഫഷനലുകള്‍ക്കിടയിലും കൊവിഡ് ബാധ വര്‍ധിച്ചുവരുന്നതായി ആരോഗ്യ വകുപ്പ്. പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരും ഈ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആണെന്നതിനാല്‍ ഇത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക കമ്മിറ്റി സഹ അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
ഖത്തറില്‍ കൊറോണവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടു കഴിഞ്ഞതായും ഓരോ ആഴ്ചയിലും രോഗികള്‍ കുറഞ്ഞുവരുന്നതായും ഡോ. ഖാല്‍ പറഞ്ഞു. എങ്കിലും ജാഗ്രത തുടരണം. രോഗം കൂടുതല്‍ അപകടം സൃഷ്ടിക്കാന്‍ സാധ്യതയുള്ള വിഭാഗം പ്രത്യേക ജാഗ്രത പുലര്‍ത്തണം.
രാജ്യത്ത് ഇതുവരെ 99 പേരാണ് കൊവിഡ് മൂലം മരിച്ചത്. അത് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രോഗ പകര്‍ച്ചയുടെ മൂര്‍ധന്യാവസ്ഥ പിന്നിട്ടാലും മരണസംഖ്യ ഉയരുന്നത് ഏതാനും ആഴ്ചകള്‍ കൂടി തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തില്‍ കൊവിഡ് വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും കുടുംബങ്ങള്‍ക്കിടയില്‍ ഇത് അതിവേഗം പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കുടുംബ സന്ദര്‍ശനമാണ് ഖത്തറില്‍ കൊവിഡ് പടരാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നെന്ന് ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു. കുടുംബക്കാരുമായി സന്ദര്‍ശനം ഒഴിച്ച് കൂടാന്‍ പറ്റാത്തതാണെങ്കില്‍ നിശ്ചിത അകലം പാലിക്കുകയും കൂടിക്കാഴ്ച 15 മിനിറ്റില്‍ കൂടാതിരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."