കൊവിഡില്‍ മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച പത്രത്തിനെതിരേ മുഖ്യമന്ത്രി: പത്രം ശ്രമിച്ചത് കുത്തിത്തിരിപ്പുണ്ടാക്കാനെന്നും ആക്ഷേപം
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ ഒരു മാധ്യമം പ്രസിദ്ധികരിച്ചതിലൂടെ ശ്രമിച്ചത് കുത്തിത്തിരിപ്പുണ്ടാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ നാം ഇനിയും നിശബ്ദദരായാല്‍ കൂടുതല്‍ മരണങ്ങള്‍ ചേര്‍ക്കപ്പെടും എന്നാണ് അവര്‍ പറയുന്നത്. അതിന് മറുപടി പറയുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു.
ഒരു കാര്യം ഓര്‍ക്കണം ഈ രാജ്യങ്ങളിലെല്ലാം മലയാളികള്‍ ജിവിക്കുന്നു. അവര്‍ അവിടെ തുടരേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണ് എന്ന് പ്രചരിക്കുമ്പോള്‍ അത് ഇവര്‍ ഓര്‍ത്തിട്ടുണ്ടോ? അത് അവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണ്ടെ. എന്തുതരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതിലൂടെ കിട്ടുകയെന്ന് നാം എല്ലാവരും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ആരുടെയെങ്കിലും അനാസ്ഥ കൊണ്ടോ, അശ്രദ്ധ കൊണ്ടോ ആണോ വിദേശത്ത് മരണങ്ങള്‍ ഉണ്ടായത്. വിദേശരാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെ ആകെ കൊണ്ടുവരാന്‍ കഴിയുമായിരുന്നോ?. ഇന്നാട്ടില്‍ വിമാനങ്ങളും ഇതരമാര്‍ഗങ്ങളും ഇല്ലാത്ത ലോക്ക്ഡൗണ്‍ ആയിരുന്നു കഴിഞ്ഞ നാളുകളിലെന്ന് ഇവര്‍ക്ക് ബോധ്യമില്ലേ?. മരിച്ചുവീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേര്‍പാട് വേദനാജനകവുമാണ്. അതിന്റെ പേരില്‍ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കോവിഡിനെക്കാള്‍ അപകടകാരിയായ രോഗബാധയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ കാര്യത്തിലും നിയന്ത്രണങ്ങളുടെ കാര്യത്തിലും കര്‍ക്കശമായ നിലപാട് ഇതുവരെ എടുത്തിട്ടുണ്ട്. അത് തുടരും. യാഥാര്‍ഥ്യങ്ങള്‍ ആരെങ്കിലും മൂടിവച്ചതുകൊണ്ട് ഇല്ലാതാകില്ല. കേരളത്തില്‍ ഉണ്ടായിട്ടുള്ള 90 ശതമാനം കോവിഡ് കേസുകളും വിദേശത്തുനിന്നും അന്യസംസ്ഥാനത്തുനിന്നും വന്നവരിലാണ്.
അതില്‍ തന്നെ 69 ശതമാനം കേസുകളില്‍ വിദേശത്തുനിന്നുവന്നവരാണ്. വിദേശരാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളില്‍ ഇടപെടാന്‍ നമുക്ക് സാധ്യമല്ലെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."