അനാഥ മൃതദേഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നു; മറവ് ചെയ്യാന്‍ കഴിയാതെ ആശുപത്രി അധികൃതര്‍
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ ബന്ധുക്കള്‍ കൊണ്ടുപോകാതെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് ബന്ധുക്കള്‍വന്ന് ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വത്തില്‍ മറവ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോട്ടയം ജില്ല ആശുപത്രിയില്‍നിന്നും ഫെബ്രുവരി 11ന് എത്തിക്കുകയും 12ന് മരിക്കുകയും ചെയ്ത ഗണേശന് (58), ഫെബ്രുവരി 14ന് കൊണ്ടുവന്ന് 25ന് മരിച്ച സോമന് (50), മാര്‍ച്ച് 22ന് എത്തി ഇന്നലെ മരിച്ച റോസമ്മ, മാര്‍ച്ച് 31ന് എത്തി അന്നുതന്നെ മരിച്ച മധ്യവയസ്കകന് എന്നിങ്ങനെ നാലുപേരുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ബന്ധുക്കളില്ലാത്ത രോഗികളെ പൊലിസ് കൊണ്ടുവന്നാല്‍, ഏത് പൊലിസ് സ്റ്റേഷനില്‍ നിന്നാണോ കൊണ്ടുവന്നതെന്ന് അത്യാഹിത വിഭാഗത്തില്‍ രേഖപ്പെടുത്താതിനെ തുടര്‍ന്ന് ബന്ധുക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ആശുപത്രി ജീവനക്കാര്‍. ഏതെങ്കിലും ആശുപത്രികളില്‍നിന്ന് കൊണ്ടുവരുന്ന അനാഥരോഗികളുടേയും സ്ഥിതി വ്യത്യസ്ഥമല്ല. അതിനാല്‍ അത്യാഹിത വിഭാഗത്തില്‍ അനാഥരോഗികള്‍ എത്തുമെങ്കില്‍, വിലാസം ശേഖരിക്കുവാന്‍ കഴിയാത്ത വിധമാണ് രോഗിയെത്തുന്നതെങ്കില് കൊണ്ടുവരുന്ന പൊലിസ് സ്റ്റേഷന് ഏതെന്ന് രേഖപ്പെടുത്തിയാല്‍ ബന്ധുക്കളെത്താത്ത മൃതദേഹം മാസങ്ങളോളം സൂക്ഷിക്കുന്നത് അവസാനിപ്പിക്കുവാന്‍ കഴിയുമെന്നാണ് മോര്‍ച്ചറി വിഭാഗം അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."