പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് വിഭജനം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ പരിഹാരം
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പ്രവര്‍ത്തനത്തിനായി പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ബ്ലോക്ക് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരിഹാരം.
രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലുള്ള പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് വിഭജിക്കാനുള്ള നീക്കമാണ് ഇവിടുത്തെ ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസായ ഇവിടെ വച്ചാണ് നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍പ്പെട്ട 18 പഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളിലെയും 5,000 ഓളം പട്ടിക വര്‍ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഇതിനായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ കീഴില്‍ 17 പ്രൊമോട്ടര്‍മാരും ഒരു ഓഫിസ് മാനേജ്‌മെന്റ് ട്രെയ്‌നി, ഒരു ഹെല്‍പ് ഡസ്‌ക്ക് അസിസ്റ്റന്റ്, ഒരു കമ്മിറ്റ്‌മെന്റ് സോഷ്യല്‍ വര്‍ക്കര്‍ എന്നിവര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.
എന്നാല്‍ കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഓഫിസിനായി പ്രവൃത്തി നടത്താനായി കഴിഞ്ഞദിവസം തൊഴിലാളികളെത്തിയപ്പോഴാണ് ഓഫിസ് വിഭജിക്കുന്ന കാര്യം ജീവനക്കാര്‍ അറിയുന്നത്. എന്നാല്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സ്ഥലത്തില്ലാത്തതിനാല്‍ പ്രവൃത്തി നടത്താന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിനകത്ത് മറ്റൊരു ഓഫിസ് വരുന്നത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുമെന്നും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമുണ്ടാകില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
എല്ലാ ബുധനാഴ്ചകളിലും പൊതു മീറ്റിങ്ങുകള്‍ക്കും മറ്റ് ദിവസങ്ങളില്‍ അല്ലാത്ത ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഓഫിസ് വിഭജനം അസൗകര്യം സൃഷ്ടിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ നിലവില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിന് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വിഭജിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു. യോഗത്തില്‍ ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മുഹമ്മദ് ഷൈജു, കുടുംബശ്രീ ഡി.എം.സി കവിത, എ.കെ.എസ് പ്രതിനിധികളായ രാജന്‍ കുറുമ്പൊയില്‍, മാധവന്‍ കായണ്ണ, കണ്ടന്‍കുട്ടി, എസ്.ടി പ്രമോട്ടര്‍മാരായ ടി.കെ വിജയന്‍, റീന രാജന്‍, എം.സി ഗീത, യു.കെ സിനി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."