വാരിയന്‍കുന്നന്‍ വിവാദങ്ങള്‍ക്കപ്പുറം
ബ്രിട്ടിഷ് വിരുദ്ധ സമരങ്ങളെയൊക്കെ വെറും കലാപമായും ലഹളയായും മുദ്ര കുത്തി ഒന്നുമല്ലാതാക്കാന്‍ ബ്രിട്ടിഷുകാര്‍ ശ്രമിച്ചിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വെറും ശിപായി ലഹളയായാണ് ചിത്രീകരിച്ചത്. ഇവര്‍ക്ക് സമര നേതാക്കള്‍ മതഭ്രാന്തന്മാരോ അപരിഷ്‌കൃതരോ കലാപകാരികളോ ആണ്. അങ്ങനെയാണ് മലബാര്‍ സമരം വെറും ലഹളയാവുന്നതും അതിന്റെ നേതാക്കന്മാര്‍ മതഭ്രാന്തന്മാരും കാടന്മാരുമാവുന്നതും. ബ്രിട്ടിഷുകാരുടെ കുഴലൂത്തുകാര്‍ ഈ വ്യാഖ്യാനങ്ങളെ പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിച്ചു. അക്കാര്യത്തില്‍ ഹിന്ദു, മുസ്‌ലിം ലോയലിസ്റ്റുകള്‍ ഒറ്റക്കെട്ടായിരുന്നു. 'ഗാന്ധി മഹാത്മാവെന്നൊരു വിദ്വാന്‍ മാന്തിക്കുഴിയതില്‍ നിക്ഷേപിച്ച ആപത്താണ് ഖിലാഫത്ത്' എന്ന് ഹിന്ദു വര്‍ഗീയവാദികള്‍ തുള്ളിപ്പാടിയപ്പോള്‍ ഖിലാഫത്ത് സമരം മതത്തിനെതിരും രാജ്യദ്രോഹവുമാണെന്നും ഖിലാഫത്തിന്റെ പേരില്‍ കലാപമാണ് നടത്തുന്നതെന്നും ബ്രിട്ടിഷ് ഭക്തന്മാരും കോണ്‍ഗ്രസ് വിരുദ്ധരുമായ ചില മുസ്‌ലിംകളും പ്രചരിപ്പിച്ചു. എന്നിട്ടും കോളനി വാഴ്ചയ്‌ക്കെതിരേയുള്ള ഈ മഹാ സമരം ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ തന്നെ പതിഞ്ഞുകിടക്കുന്നു.
സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ വാരിയന്‍കുന്നത്തിനെക്കുറിച്ച് സിനിമയോ നാടകമോ സംഘടിപ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പച്ചക്കള്ളം പരത്തി ചരിത്രത്തെ തമസ്‌കരിക്കുന്നവര്‍ അപ്പണി തുടര്‍ന്നുകൊണ്ടിരിക്കും. ഇവരെന്നും സാമ്രാജ്യത്വത്തിന്റെ അരികുപറ്റികളായിരുന്നു. മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ആളുകളുടെ മതം നോക്കിയാണോ ഒരു സംഭവത്തെ വിലയിരുത്തുന്നത്? ഖിലാഫത്ത് വരും മുമ്പേ തന്നെ മലബാറില്‍ ചൂഷകരായ ജന്മിമാര്‍ക്കെതിരേ സമരം നടന്നിരുന്നു. ജാതിയുടെ പേരില്‍ ചൂഷിതരായ ഭൂരിപക്ഷം കുടിയാന്മാരാണ് ഈ സമരത്തിന് മുന്നിലുണ്ടായിരുന്നത്. ഇവരും ഹിന്ദുക്കളായിരുന്നില്ലേ? ജന്മിമാര്‍ക്ക് വേണ്ടി മാത്രം ശബ്ദമുയര്‍ത്തുന്ന സംഘ്പരിവാറുകാര്‍ എന്ത് കൊണ്ടാണ് ശൂദ്രന്‍മാരും അടിയാളരുമായ ഈ വിഭാഗത്തിന്റെ കാര്യം മിണ്ടാതിരിക്കുന്നത് ?
കാരണങ്ങള്‍
മലബാറിലെ സമരങ്ങള്‍ക്ക് പ്രധാന കാരണം കൃഷി ഭൂമിയില്‍നിന്ന് കുടിയാന്മാരെ ആട്ടിയിറക്കിയതാണ്. ബ്രിട്ടിഷുകാരുടെ സഹായത്തോടെ കുടിയാന്മാരെ ഒരു ദാക്ഷിണ്യവുമില്ലാതെ ജന്മിമാര്‍ കുടിയിറക്കിക്കൊണ്ടിരുന്നു. അവരില്‍ ഭൂരിപക്ഷം പേരും അധഃസ്ഥിതരാണ്. ഇവര്‍ക്ക് പ്രതികരിക്കാന്‍ അവരുടെ മതത്തില്‍ ഒരവകാശവും ഉണ്ടായില്ല. അതാണ് ഇവര്‍ മതം മാറി സമരത്തില്‍ അണിചേര്‍ന്നത്. മലബാറില്‍ കര്‍ഷക സമരങ്ങളില്‍ നിറഞ്ഞുനിന്നവര്‍ അധികവും ഇങ്ങനെ മതംമാറിയ അധഃസ്ഥിത വിഭാഗമായിരുന്നു. ബ്രിട്ടിഷുകാരുടെ പ്രേരണയാല്‍ പല ജന്മിമാരും മാപ്പിളമാര്‍ക്കെതിരേ തിരിഞ്ഞു. അവരെ പള്ളി പണിയാന്‍ സമ്മതിച്ചില്ല എന്ന് മാത്രമല്ല; എത്രയോ കാലമായി പ്രാര്‍ഥിച്ചിരുന്ന പള്ളികള്‍ ബ്രിട്ടിഷ് കോടതിയുടെ സഹായത്തോടെ പൊളിച്ചുനീക്കുകയും ചെയ്തു. മരണപ്പെട്ടാല്‍ ഖബറടക്കാനുള്ള സ്ഥലവും ഇവര്‍ക്ക് നിഷേധിച്ചു. ഇക്കാര്യം മലബാര്‍ കലക്ടര്‍മാരായിരുന്ന വില്യം ലോഗനും, കൊണോലിയും സമ്മതിക്കുന്നു. മതം മാറിവന്നവരെ പരിഹസിച്ചും മാറുമറച്ചവരെ അപമാനിച്ചും ചില ജന്മിമാര്‍ അതിക്രമങ്ങള്‍ പതിവാക്കി. ഇതേ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ പല ജന്മിമാരെയും മാപ്പിള കര്‍ഷകര്‍ കൊന്നു. അവരുടെ ക്ഷേത്രങ്ങള്‍ ആക്രമിച്ചു. തങ്ങള്‍ക്ക് പ്രവേശനം നല്‍കാതിരുന്ന ആ ക്ഷേത്രങ്ങളെ ചൂഷണത്തിന്റെ കേന്ദ്രങ്ങളായാണ് കര്‍ഷകര്‍ കല്‍പിച്ചത്. അതിനാല്‍ മതം മാറിവന്നപ്പോള്‍ പലപ്പോഴും ഈ ക്ഷേത്രങ്ങളെയാണ് സമരക്കാര്‍ നോട്ടമിട്ടത്. ജന്മിമാരുടെ സഹായത്തോടെ നിരവധി സമരക്കാരെ ബ്രിട്ടിഷുകാര്‍ കൊലപ്പെടുത്തുകയോ നാടുകടത്തുകയോ ചെയ്തു.
1921ലെ ഖിലാഫത്ത് സമരവും ഈ സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു. സമരം പ്രാദേശിക തലത്തില്‍നിന്ന് മാറി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി. ഒപ്പം തുര്‍ക്കിയിലെ ഖലീഫയെ അപമാനിച്ചതിന്റെ വിരോധം കൂടിയായപ്പോള്‍ മുസ്‌ലിംകള്‍ക്ക് ബ്രിട്ടിഷ് വിരോധം പതിന്മടങ്ങായി. ദേശീയ കോണ്‍ഗ്രസും ഖിലാഫത്ത് സമരത്തിന് പ്രത്യക്ഷ പിന്തുണ നല്‍കി. അങ്ങനെ ബ്രിട്ടിഷ് ഭരണത്തിനെതിരേ ഒരു സര്‍വേന്ത്യാ പ്രക്ഷോഭം രൂപംകൊണ്ടു. ബ്രിട്ടിഷുകാരെ പുറത്താക്കുക എന്ന ഏക ആശയത്തില്‍ ഹിന്ദുവും മുസ്‌ലിമും ഒന്നിച്ചു. മലബാറിലും ഖിലാഫത്ത് പ്രക്ഷോഭം ശക്തമായി. കര്‍ഷകരുടെ പ്രശ്‌നങ്ങളായിരുന്നു മലബാര്‍ സമരത്തിലെ മുഖ്യപ്രമേയം. ഇതിനെ വെറും മാപ്പിള കലാപമായി ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുക? ഏത് സംഭവത്തേയും വിലയിരുത്തുന്നത് അതിന്റെ അടിസ്ഥാനകാരണങ്ങളെ വിശകലനം ചെയ്തു കൊണ്ടാവണം. അല്ലാതെ അതില്‍ പങ്കെടുത്തവരുടെ മതം നോക്കിയല്ല. ഇത്തരം സമരങ്ങള്‍ ഇന്ത്യയുടെ പല ഭാഗത്തും ഉണ്ടായിരുന്നു.
ഇവയില്‍ കുടിയാന്മാര്‍ മതം നോക്കിയല്ല പങ്കെടുത്തത്. കാര്‍ഷിക പ്രശ്‌നങ്ങളായിരുന്നു കാരണം. ജാതിക്കോയ്മയെ ഹിന്ദു മതവുമായി കൂട്ടുകെട്ടി ശൂദ്രന്മാരായ കുടിയാന്മാരെ ജന്മിമാര്‍ അടിച്ചമര്‍ത്തിയതിനെതിരെയാണ് കാര്‍ഷിക പ്രക്ഷോഭങ്ങള്‍ നടന്നത്. മതം പ്രചരിപ്പിക്കുന്നതിന്റെ പേരിലോ മതങ്ങളെ സംരക്ഷിക്കുന്നതിന്റെ പേരിലോ ഒരു സമരവും മലബാറിലുണ്ടായിട്ടില്ല. അല്ലാതെ തന്നെ ജാതി മര്‍ദനം മൂലം അധഃസ്ഥിതര്‍ ഇസ്‌ലാം മതം പുല്‍കിക്കൊണ്ടിരുന്നു. ഹിന്ദു മതത്തിന്റെ മേലാളന്മാരായ ബ്രാഹ്മണരും ജന്മിമാരും സുരക്ഷ നല്‍കാത്തതിന്റെ പേരിലാണ് ഇങ്ങനെ സംഭവിച്ചത്. ആ പ്രക്രിയ ഇപ്പോഴും തുടരുന്നുമുണ്ട്. തമിഴ്‌നാട്ടിലെ മേട്ടുപാളയത്ത് ഈയിടെ കൂട്ടമായി മതം മാറിയത് ആരുടെ കുറ്റം കൊണ്ടായിരുന്നു? ഇതേ കുറിച്ചൊന്നും സംഘ്പരിവാറിന് ഒന്നും പറയാനില്ല. കാരണം പരിവാര്‍ ജാതിക്കോയ്മയുടെ ആളുകളാണ്.
ഖിലാഫത്ത് വ്യവസ്ഥ
മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയ കുഞ്ഞഹമ്മദാജിയുടെയും കാപ്പാട് കൃഷ്ണന്‍ നായര്‍, നാരായണന്‍ നമ്പീശന്‍, താളിയില്‍ ഉണ്ണീന്‍ കുട്ടി അധികാരി തുടങ്ങിയവരുടെയും സാന്നിധ്യത്തില്‍ തയാറാക്കിയ ഖിലാഫത്ത് വ്യവസ്ഥ നമ്മുടെ മുമ്പിലുണ്ട്. ഈ വ്യവസ്ഥ പ്രകാരം മലബാറിലെ ഖിലാഫത്ത് ഭരണം എല്ലാ ജാതി, മതസ്ഥരുടെയും സംരക്ഷണം ഉറപ്പുവരുത്തുകയും ബ്രിട്ടിഷുകാര്‍ക്കെതിരേ ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഖിലാഫത്ത് സമരത്തിന്റെ നേതാക്കള്‍ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഗോപാല മേനോന്‍, എം.പി നാരായണ മേനോന്‍, കേശവ മേനോന്‍ തുടങ്ങി ഖിലാഫത്തിന് നേതൃത്വംകൊടുത്തവര്‍ ഹിന്ദുക്കളല്ലെന്ന് ആര്‍.എസ്.എസുകാര്‍ പറയുമോ? ഖിലാഫത്ത് സമരത്തിനെതിരേ നിലകൊണ്ട മാപ്പിള നേതാക്കളുമുണ്ട്. ഖാന്‍ ബഹാദൂര്‍ മുത്തു കോയ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, കുട്ടിയമ്മു മുസ്‌ലിയാര്‍, മമ്പുറം അബ്ദുല്ലക്കോയ തങ്ങള്‍, മമ്മദ് മുസ്‌ലിയാര്‍, മക്തി തങ്ങള്‍, കവി പുലിക്കോട്ടില്‍ ഹൈദ്രു തുടങ്ങി ഒട്ടേറെ പേര്‍ ഈ ലിസ്റ്റിലുണ്ട്. കൂടാതെ മുസ്‌ലിം ജന്മിമാരും അധികാരികളും മുസ്‌ലിംകളായ ബ്രിട്ടിഷുദ്യോഗസ്ഥന്മാരും സമരക്കാരെ നേരിടുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കുഞ്ഞഹമ്മദാജിയേയും സമരപോരാളികളേയും പിടിക്കാന്‍ നിയുക്തരായ ആമു സൂപ്രണ്ടും അമ്മുവും കോണ്‍സ്റ്റബിള്‍ മൊയ്തീനും മുസ്‌ലിംകള്‍ തന്നെയാണ്.
വാരിയന്‍ കുന്നത്തും കൊന്നാര തങ്ങളുമടക്കമുള്ള പല ഖിലാഫത്ത് നേതാക്കളേയും പട്ടാളത്തിന് പിടിച്ചുകൊടുത്തതും മാപ്പിളമാര്‍ തന്നെ. കുഞ്ഞഹമ്മദാജിയുടെയും ഖിലാഫത്ത് പ്രക്ഷോഭകരുടെയും ശത്രുത ഇവരടക്കം ബ്രിട്ടിഷുകാരോടൊപ്പം നിന്ന എല്ലാവരോടുമായിരുന്നു. സമര വിരുദ്ധരുടെ മതം നോക്കിയല്ല പ്രക്ഷോഭകര്‍ എതിര്‍ത്തത്. ചേക്കുട്ടി ഇന്‍സ്‌പെക്ടറുടെ തലയറുത്ത് കുന്തത്തില്‍ നാട്ടി സമരം നയിച്ച ഹാജിയെ ഹിന്ദു വിരോധിയാക്കിയത് ബ്രിട്ടിഷുകാരാണ്. അതിന് ഒരു തെളിവും അദ്ദേഹത്തിന്റെ ജീവിതത്തിലില്ല. ഒറ്റുകാരായ നിരവധി മാപ്പിളമാരെ അദ്ദേഹം വധിച്ചു. സമരത്തില്‍നിന്ന് മുതലെടുക്കാന്‍ ശ്രമിച്ചവരെയും അദ്ദേഹം വെറുതെ വിട്ടില്ല. നമ്പൂതിരി ബാങ്ക് കൊള്ള ചെയ്ത മാപ്പിളമാരെ പിടിച്ചു തൊണ്ടി മുതല്‍ തിരിച്ചുവാങ്ങി അവകാശികള്‍ക്ക് കൊടുത്തു. മനകളില്‍ കയറി കൊള്ളനടത്തിയവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു.
മലബാര്‍ സമരത്തെ ബ്രിട്ടിഷ് അനുകൂല പത്രങ്ങള്‍ ഹിന്ദു വിരുദ്ധ കലാപമായാണ് ചിത്രീകരിച്ചത്. ബ്രിട്ടിഷ് പക്ഷക്കാരും സാമുദായിക മുന്‍വിധിക്കാരും ഇതിന്റെ കാരണങ്ങളന്വേഷിക്കാതെ ബ്രിട്ടിഷ് രചനകളെ സഹായിക്കും വിധം ഗ്രന്ഥരചന നടത്തി. ടിപ്പു, ബഹാദൂര്‍ഷാ സഫര്‍ തുടങ്ങിയ ബ്രിട്ടിഷ് വിരുദ്ധര്‍ക്കെതിരേ ഇവര്‍ കൈക്കൊണ്ടതും ഇതേ നയമായിരുന്നു. സാമ്പത്തികവും സാമൂഹികവുമായ സാഹചര്യം പഠിക്കാതെ കേവലം സാമുദായിക കലാപമായി ഖിലാഫത്ത് സമരത്തെ ചിത്രീകരിക്കുന്നവര്‍ സാമ്രാജ്യത്വ വാദികള്‍ക്ക് കുഴലൂത്ത് നടത്തുകയാണ്. മര്‍ദകനും മര്‍ദിതനും തമ്മിലായിരുന്നു മലബാര്‍ സമരം. മര്‍ദകന്റെ മതം നോക്കി എതിര്‍ക്കുന്ന ഏര്‍പ്പാട് ഈ സമരത്തില്‍ എവിടെയുമുണ്ടായിട്ടില്ല. കുഞ്ഞഹമ്മദാജി ഒരു മാപ്പിളയായിരുന്നെങ്കിലും അദ്ദേഹത്തെ പിടിച്ചുകെട്ടാനും അതിനുവേണ്ടി ബ്രിട്ടിഷുകാരെ സഹായിക്കാനും മുന്‍പന്തിയില്‍ വന്നത് മാപ്പിള ഉദ്യോഗസ്ഥന്മാരും മാപ്പിള ജന്മിമാരും തന്നെയാണ്. ആമു സാഹിബാണ് മാപ്പിള സമരത്തെ ഇല്ലാതാക്കാന്‍ നേതൃത്വം നല്‍കിയത്. അദ്ദേഹത്തെ വധിക്കാന്‍ കോപ്പു കൂട്ടിയതും ആമു തന്നെ. ഹാജിയുടെ മയ്യിത്ത് ഖബറടക്കാനനുവദിക്കാതെ കത്തിച്ച് കളയാന്‍ ഏര്‍പ്പാടാക്കിയതും ബ്രിട്ടിഷ് പക്ഷക്കാരായ മാപ്പിളമാരാണ്. സ്ഥലത്തെ മുസ്‌ലിം അധികാരിയാണ് കത്തിക്കുന്നതിനുള്ള വിറകും മണ്ണെണ്ണയും നല്‍കിയത്. എന്നിട്ടും ആ വീര പുത്രനെ മത ഭ്രാന്തനാക്കുകയാണ് ബ്രിട്ടിഷ് സഹയാത്രികരുടെ പിന്മുറക്കാര്‍. ഏറ്റവും ചുരുങ്ങിയത് ഖിലാഫത്ത് നേതാവ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എഴുതിയ ഖിലാഫത്ത് സ്മരണകളെങ്കിലും വായിക്കണം.
കുളം കലക്കിയവര്‍
ഖിലാഫത്തിന്റെ മറവില്‍ കൊള്ളയും കൊള്ളിവയ്പും നടന്നിട്ടുണ്ട്. ഇതില്ലാതാക്കാന്‍ കോണ്‍ഗ്രസും ഖിലാഫത്ത് നേതാക്കളും വളരെ പ്രയാസപ്പെട്ടു. പരസ്പരം മത്സരിച്ചിരുന്ന ജന്മിമാരുടെ ആശ്രിതരായ മാപ്പിളമാരാണ് കൊള്ളക്കും കൊള്ളിവയ്പിനും കൂട്ടുനിന്നത്. കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് ചില മുസ്‌ലിം ജന്മിമാരുടെ നേതൃത്വത്തില്‍ അരങ്ങേറിയത്. അവര്‍ തങ്ങളുടെ ആശ്രിതരായ മാപ്പിളമാരെ ഹിന്ദു വീടുകള്‍ കൊള്ളയടിക്കാനും തങ്ങളോട് ശത്രുതയുള്ള ജന്മിമാരെ വധിക്കാനും സമരത്തിന്റെ മറവില്‍ ഏര്‍പ്പാടാക്കി. ഇവര്‍ വ്യാപകമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. പലേടത്തും ശിപായിമാരും പട്ടാളവും ഈ വക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഇത് സമരത്തിന്റെ നിറം മങ്ങാന്‍ കാരണമാക്കി. നേതാക്കള്‍ ജയിലിലും ഒളിവിലും ആയപ്പോഴും നേതൃത്വം അശക്തമായി. ഖിലാഫത്ത് ഭരണം ശക്തിപ്പെടുത്താനുള്ള സംവിധാനങ്ങളും ഇല്ലാതെ പോയി. സാമ്രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പട്ടാളത്തെ ഇറക്കി സമരത്തിനെതിരേ ബ്രിട്ടിഷുകാര്‍ സര്‍വ അടവുകളും പ്രയോഗിച്ചു. സമരത്തെ പലരും പഠിക്കുന്നത് ബ്രിട്ടിഷുദ്യോഗസ്ഥരെഴുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നാണ്. ടോട്ടന്‍ ഹാം, ഹിച്ച് കോക്ക്, സി. ഗോപാലന്‍ നായര്‍ എന്നിവരുടെ കൃതികളാണ് പലരും പിന്തുടരുന്നത്. ബ്രിട്ടിഷ് നയങ്ങളെ പൂര്‍ണമായും ഈ ഉദ്യോഗസ്ഥന്മാര്‍ പിന്താങ്ങുന്നു. ഒപ്പം സമരങ്ങളെ കേവലം ലഹളകളായി മുദ്ര കുത്തുകയും ചെയ്യുന്നു. രേഖകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കൃതികള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇക്കാര്യത്തില്‍ എം. ഗംഗാധരന്‍, കെ.എം പണിക്കര്‍ കോണ്‍റാഡ് വുഡ് എന്നിവരുടെ പഠനങ്ങള്‍ പ്രധാനമാണ്. ആരെങ്കിലും വിമര്‍ശിച്ചു എന്നതിനാല്‍ ഖിലാഫത്ത് സമരത്തിന്റെ പ്രാധാന്യം കുറയുന്നില്ല.
വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. വിമര്‍ശിക്കുന്നവരെ നോക്കിയല്ല; വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്നതാണ് പ്രധാനം. അംബേദ്കര്‍ ഖിലാഫത്തിനെയും ഇസ്‌ലാം മതത്തെ തന്നെയും വിമര്‍ശിച്ചയാളാണ്. ഇന്ത്യാ വിഭജനത്തെ അനുകൂലിച്ചയാളാണ്. ജീവിതത്തിലുടനീളം ഗാന്ധിജി തനിക്ക് രാഷ്ട്രീയ ശത്രുവായിരുന്നു. അപ്പേരില്‍ അദ്ദേഹം രൂപകല്‍പന ചെയ്ത ഭരണഘടനയോട് ആര്‍ക്കും വിദ്വേഷമില്ല. ആരെങ്കിലും വിമര്‍ശിച്ചാലും ഭരണഘടനക്ക് ഒന്നും വരാനില്ല. മലബാര്‍ സമരത്തിന്റെ കാര്യവും അതുതന്നെ. ഗാന്ധിജി മലബാര്‍ സമരത്തിലെ ഹിംസയെ വിമര്‍ശിച്ചിട്ടുണ്ട്. ചൗരി ചൗരയിലെ ഹിംസയേയും വിമര്‍ശിച്ചിട്ടുണ്ട്. സമരത്തെ അനുകൂലിക്കുന്നവരും അതിലെ അമിതത്വങ്ങളെ വിമര്‍ശിക്കുന്നു. പക്ഷേ, അപ്പേരില്‍ മലബാറിലെ കോളനിവിരുദ്ധ സമരങ്ങളെ കുഴിച്ചുമൂടാമെന്ന് വ്യാമോഹിക്കരുത്. വര്‍ഗീയ വാദികള്‍ ഗാന്ധിജിയെ സ്ഥിരമായി വിമര്‍ശിക്കുകയും അവസാനം അദ്ദേഹത്തെ വധിക്കുകയും ചെയ്തുവല്ലോ എന്ന് വച്ച് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ഒരു കളങ്കവും വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."