പാതിവഴിയില്‍ നിര്‍ത്തിവച്ച് കുടിവെള്ള പദ്ധതികള്‍
ജില്ലയുടെ തീരമേഖലയാകട്ടെ, പൈപ്പു വെള്ളത്തെ ആശ്രയിച്ചു മാത്രമാണ് കഴിയുന്നത്. പല കുടിവെള്ള പദ്ധതികളും പാതിവഴിയിലാണ്. നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പട്ടാഴിയിലെ പൂക്കുന്നിമല, വിളക്കുടിയിലെ മഞ്ഞമണ്‍കാല കുടിവെള്ള പദ്ധതികളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. പൂക്കുന്നിമലയില്‍ ട്രയല്‍ റണ്‍ നടത്തിയെങ്കിലും പൈപ്പിടീല്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ കമ്മീഷനിങ് വൈകുകയാണ്. പട്ടാഴി, പട്ടാഴിവടക്കേക്കര, തലവൂര്‍, മൈലം പഞ്ചായത്തുകള്‍ക്കാണ് പൂക്കുന്നിമല പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞമണ്‍കാലായിലും നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകള്‍ പൂര്‍ണമായും തലവൂര്‍ പഞ്ചായത്തിലെ നെടുന്നൂരിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മഞ്ഞമണ്‍കാല പദ്ധതിയ്ക്ക് സാധിക്കും.
നബാര്‍ഡിന്റെ സഹായത്തോടെ 24.15 കോടിരൂപ ചിലവഴിച്ച് നിര്‍മിക്കുന്ന പദ്ധതിയ്ക്ക് ഇനിയും കടമ്പകളേറെയുണ്ട്. കുരിയോട്ടുമല പദ്ധതി നടപ്പായെങ്കിലും പലയിടങ്ങളിലും പൈപ്പു പൊട്ടലും മറ്റ് തകരാറുകളും കാരണം ജലവിതരണം തടസപ്പെടുന്നത് പതിവാണ്. അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് കാരണം. പുന്നല കടശേരിയില്‍ ശബരി കുപ്പിവെള്ള പദ്ധതിയ്ക്ക് വേണ്ടി നിര്‍മിച്ച കെട്ടിടവും ലക്ഷങ്ങളുടെ ഉപകരണങ്ങളും നശിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളാകുന്നു. പത്തനാപുരം താലൂക്കില്‍ പൂര്‍ണമായും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബൃഹത്പദ്ധതികളെല്ലാം എങ്ങുമെത്താതെ നിലച്ചിരിക്കുകയാണ്.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കിഴക്കന്‍ മേഖലയിലെ പഞ്ചായത്തുകളില്‍ നിരവധി കുളങ്ങള്‍ നിര്‍മിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. പുനലൂര്‍ മേഖലയിലും അവസ്ഥ വ്യത്യസ്തമല്ല. വേനല്‍ കടുത്തതോടെ കിണറുകളും മറ്റു ജലാശയങ്ങളും വറ്റി വരണ്ടു. നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. കല്ലടയാറിന്റെ പല ഭാഗങ്ങളും വറ്റി വരണ്ടു. ഉയര്‍ന്ന ഭാഗങ്ങളില്‍ തലച്ചുവടായും മറ്റുമാണ് വെള്ളമെത്തിക്കുന്നത്. പേപ്പര്‍മില്‍, കാഞ്ഞിരമല, കേളങ്കാവ്, മണിയാര്‍ മേഖലകളിലാണ് കുടിവെള്ളക്ഷാമം കൂടുതല്‍ രൂക്ഷമായിട്ടുള്ളത്. പ്രദേശത്തെ ജലാശയങ്ങള്‍ വറ്റി വരണ്ടതോടെ ജലക്ഷാമം രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."