മിനിമം ചാര്‍ജ്ജ് പത്തോ പന്ത്രണ്ടോ; എട്ട് തുടരുകയാണെങ്കില്‍ ദൂരം കുറക്കണം- ശുപാര്‍ശയുമായി കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് പത്തോ പന്ത്രണ്ടോ രൂപയാക്കണമെന്നാണ് ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. റിപ്പോര്ട്ടിന്മേല് തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. മിനിമം ചാര്‍ജ്ജ് എട്ടു രൂപയായി തുടരുകയാണെങ്കില്‍ ദൂരം കുറക്കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു.
റിപ്പോര്ട്ടിന്മേല് അന്തിമ തീരുമാനമെടുക്കാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ 11 ന് ഉന്നതതല യോഗം ചേരും.
അഞ്ചു കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്റ പ്രധാന ശുപാര്‍ശ. തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാല്‍ 12, 14 16, 18,20 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്റ്റേജുകളിലെ നിരക്ക്. വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കൊവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാര്‍ശയാണ് കമ്മീഷന് സര്‍ക്കാരിന് കൈമാറിയത്. കൊവിഡ് കഴിഞ്ഞാല്‍ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നതിനാല്‍ അതു കൂടി കണക്കിലെടുത്തായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക. അതേസമയം, നിരക്ക് കൂടുന്നതോടെ ബസില്‍ സാമൂഹിക അകലം ഏര്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ല.
നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമ്മീഷന് റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിച്ചത്. നേരത്തെ 50 ശതമാനം ചാര്‍ജ് വര്‍ധിപ്പിച്ചത് ബസുകളിലെ സാമൂഹിക അകലം ഒഴിവാക്കിയതോടെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ ബസുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് കമ്മീഷനോട് റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."