ആലപ്പുഴ കുടിവെള്ള പദ്ധതി: നഗരസഭയോട് അതൃപ്തി അറിയിച്ച് എം.പി
ആലപ്പുഴ: കനത്ത വേനല്‍ ജന ജീവിതം ദുസഹമാക്കുമ്പോള്‍ ആലപ്പുഴയുടെ സ്വപ്ന പദ്ധതിയായ ആലപ്പുഴ കുടിവെള്ള പദ്ധതി പ്രയോജനപ്പെടുത്താത്തതില്‍ എം.പി കെ.സി വേണുഗോപാലിന് അതൃപ്തി. ഔപചാരിക ഉദ്ഘാടനം സമയംപോലെ നടക്കട്ടെയെന്നും കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ ഉടനടി നടപടി സ്വീകരിക്കണം. ഇതുസംബന്ധിച്ച് കത്ത് കെ.സി വേണുഗോപാല്‍ എം.പി നഗരസഭാ ചെയര്‍മാന് നല്‍കി.
പരീക്ഷണ പമ്പിങ് ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ആലപ്പുഴ കുടിവെള്ള പദ്ധതിയാണ് ഉദ്ഘാടനം വൈകുന്നതു കാരണം ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനാകാതെ അനിശ്ചിതാവസ്ഥയില്‍ തുടരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 80 ശതമാനം ധനസഹായത്തോടെ ആരംഭിച്ച കുടിവെള്ള പദ്ധതി ആലപ്പുഴ നഗരസഭയ്ക്കു പുറമെ അഞ്ചു പഞ്ചായത്തുകള്‍ക്കുകൂടി ശുദ്ധജലം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇത്രയും നീണ്ടുപോയ പദ്ധതി പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കുന്നത്.
മുന്നൊരുക്കങ്ങളെല്ലാം കഴിഞ്ഞിട്ടും ജനങ്ങള്‍ പ്രതീക്ഷയോടെ കുടിവെള്ളത്തിനു കാത്തിരിക്കുമ്പോള്‍ ഉദ്ഘാടനത്തിന്റെ പേരില്‍ പമ്പിങ് ആരംഭിക്കാത്തത് ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയാലാക്കും.
സ്വാഭാവികമായി ശുദ്ധജലക്ഷാമമുള്ള ആലപ്പുഴയില്‍ വേനല്‍ കടുത്തതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറി. ഈ സാഹചര്യത്തിലാണ് എം.പി പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."