പുഴയിലേക്ക് മറിഞ്ഞ ലോറി ഡ്രൈവറെ കണ്ടെത്താനായില്ല
പുതുക്കാട്: നിയത്രണം വിട്ടു കുറുമാലി പുഴയിലേക്ക് മറിഞ്ഞ ടിപ്പര്‍ ലോറിയുടെ ഡ്രൈവറെ ഇന്നലെ വൈകീട്ടും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ നാലേമുക്കാലിനും ഏഴേമുക്കാലിനും ഇടയിലാണ് ദേശീയപാത പുതുക്കാട് കുറുമാലി പാലത്തിനു മുകളില്‍ വച്ചു നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരികള്‍ തകര്‍ത്തു കുറുമാലി പുഴയിലേക്ക് മറിഞ്ഞത്.
ലോറി പൊലിസ് പുഴയില്‍ നിന്നും പൊക്കിയെടുത്തു എങ്കിലും ലോറിയില്‍ ഉണ്ടായിരുന്നു എന്നു കരുതുന്ന ഡ്രൈവര്‍ ചിറ്റിശ്ശേരി പാണേങ്ങാടന് വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന് വിനു(25) വിനെ കണ്ടത്തിയിരുന്നില്ല. പൊലിസും, അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് കുറുമാലി പുഴയില്‍ വ്യാപകമായി വിനുവിനായി തെരച്ചില്‍ നടത്തിയിരുന്നു.
വിനുവിനെ കണ്ടെത്താനായി കൊച്ചിയില്‍ നിന്നും നേവിയിലെ മുങ്ങല്‍ വിദഗ്ദ്ധരെത്തി കുറുമാലി പുഴയില്‍ ലോറി വീണിടം മുതല്‍ മാഞ്ഞാംകുഴി ഷട്ടര്‍ വരെയുള്ള അഞ്ചു കിലോമീറ്ററോളം ദൂരം തെരച്ചില്‍ നടത്തിയിരുന്നു.വിനുവിനായി ഇന്ന് ഷട്ടറിനു താഴെയുള്ള ഭാഗങ്ങളില്‍ തെരച്ചില്‍ നടത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."