രാഹുല്‍ ഏതു ശക്തിക്കെതിരേ മത്സരിക്കുന്നു എന്നതിന് പ്രസക്തിയുണ്ട്: യെച്ചൂരി
മാന്നാര്‍ (ആലപ്പുഴ) : രാഹുല്‍ ഗാന്ധി എവിടെ നിന്നു മത്സരിക്കുന്നു എന്നത് പ്രസക്തമല്ലെന്നും പക്ഷെ ഏതു മണ്ഡലത്തിലാണ് മത്സരിക്കുന്നത്, ഏതു ശക്തിക്കെതിരെയാണ് മത്സരിക്കുന്നത് എന്നതിന് പ്രധാന്യവും പ്രസക്തിയുമുണ്ടെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാവേലിക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പും കോണ്‍ഗ്രസ് അധ്യക്ഷര്‍ ഒന്നിലേറെ സീറ്റുകളില്‍ ഇന്ത്യയുടെ വടക്കും തെക്കും ഭാഗങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി ചിക്മംഗ്ലൂരും സോണിയാ ഗാന്ധി ബല്ലാരിയിലും മത്സരിച്ചു. ഇടതുപക്ഷം എതിരേ വരുന്നതിനാലാണ് ബി.ജെ.പി ഇടതിനെ ആക്രമിക്കുന്നത്. ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ല. ബി.ജെ.പിയെ പ്രത്യയശാസ്ത്രപരമായി നേരിടാനുള്ള ആര്‍ജവവും കരുത്തും ഇടതുപക്ഷത്തിനുണ്ട്. അവരെ നേരിടുക തന്നെ ചെയ്യും. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."