ലാലിഗയില്‍ താരമായി ഭാവിയിലെ മെസ്സിമാര്‍
മാഡ്രിഡ്: കഴിഞ്ഞ ദിവസം ലാലിഗയില്‍ റയല്‍ മാഡ്രിഡ്- മയ്യോര്‍ക്ക മത്സരത്തിലെ ശ്രദ്ധമുഴുവനും രണ്ട് പേരിലായിരുന്നു. രണ്ടുപേരും അര്‍ജന്റീനന്‍ ഇതിഹാസം മെസ്സിയുടെ പിന്‍ഗാമികളാണെന്നാണ് ഫുട്ബോള്‍ ലോകം വിലയിരുത്തുന്നത്. ഒന്നമത്തെ താരം ജാപ്പനീസ് താരവും മയ്യോര്‍ക്കയുടെ മുന്നേറ്റ താരവുമായ തക്കുഫുസ കുബോയാണ്. ബാഴ്സലോണയുടെ അക്കാദമിയിലൂടെ വളര്‍ന്ന കുബോയുടെ ഓരോ നീക്കങ്ങളും മെസ്സിയെ അനുസ്മരിപ്പിക്കും വിധമുള്ളതാണ്.
ഇതുകാരണം താരത്തെ ജാപ്പനീസ് മെസ്സിയെന്നാണ് വിശേശിപ്പിക്കുന്നത്. 2005ല്‍ ജാപ്പനീസ് ക്ലബായ എഫ്.സി ടോക്യോക്ക് കൈമാറുകയായിരുന്നു. ഇവിടെ നിന്ന് 2019ലായിരുന്നു കുബോ റയല്‍ മാഡ്രിഡിലെത്തിയത്. റയല്‍ മാഡ്രിഡില്‍നിന്ന് ലോണടിസ്ഥാനത്തില്‍ ഇപ്പോള്‍ മയ്യോര്‍ക്കയിലാണ് കുബോ കളിക്കുന്നത്.
ലാലിഗയില്‍ കൂടുതല്‍ പരിചയം ഉണ്ടാകുന്നതിന് വേണ്ടിയാണ് ജപ്പാനീസ് മെസ്സിയായ കുബോയെ റയല്‍ ലോണില്‍ അയച്ചിട്ടുള്ളത്. 2019 മുതല്‍ ജപ്പാന്റെ സീനിയര്‍ ടീമിലും കുബോ കളിക്കുന്നുണ്ട്. മയ്യോര്‍ക്കക്ക് വേണ്ടി 27 മത്സരങ്ങള്‍ കളിച്ച കുബോ മൂന്ന് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ലൂക്ക റൊമേറോയാണ് രണ്ടാമത്തെ താരം. ഏറ്റവും ചെറിയ പ്രായത്തില്‍ ലാലിഗയില്‍ അരങ്ങേറ്റം നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ് മെസ്സിയുടെ നാട്ടുകാരനും പിന്മുറക്കാരനുമായ റൊമേറോ.
ഇന്നലെ മയ്യോര്‍ക്കക്ക് വേണ്ടി ലാലിഗയില്‍ അരങ്ങേറിയപ്പോള്‍ 15 വയസും 219 ദിവസവുമാണ് റൊമേറോയുടെ പ്രായം. ഇതിന് മുമ്പ് ഈ റെക്കോര്‍ഡ് സ്പാനിഷ് താരമായിരുന്ന സാംസണിന്റെ പേരിലായിരുന്നു. 15 വയസും 255 ദിവസവും പ്രായമുണ്ടായിരുന്നപ്പോഴായിരുന്നു സാസംണ് സെല്‍റ്റാ വിഗോക്ക് വേണ്ടി ലാലിഗയില്‍ അരങ്ങേറിയത്. ഈ റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസം മെസ്സിയുടെ പിന്മാഗി എന്ന് അറിയപ്പെടുന്ന റൊമേറോ തകര്‍ത്തത്.
83ാം മിനുട്ടില്‍ പകരക്കാരനായിട്ടായിരുന്നു റൊമേറോ മയ്യോര്ക്കക് വേണ്ടി കളത്തിലിറങ്ങിയത്. മെക്സിക്കോയിലാണ് ജനിച്ചതെങ്കിലും ഇപ്പോള്‍ അര്‍ജന്റീനയിലാണ് റൊമേറോ. അര്‍ജന്റീനയുടെ അണ്ടര്‍ 15 ടീമിലെ താരവുമാണ് റൊമേറോ. ലെഫ്റ്റ് ഫൂട്ടറായ താരത്തിന്റെ ചലനങ്ങളും നീക്കങ്ങളും മെസ്സിയോട് സാദൃശ്യമുള്ളതിനാല്‍ ഭാവി മെസ്സിയെന്ന വിളിപ്പേര് ഇപ്പോഴേ ഫുട്ബോള്‍ ലോകം റൊമേറോക്ക് നല്‍കിക്കഴിഞ്ഞു.
ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ മാഡ്രിഡിനോട് മയ്യോര്‍ക്ക പരാജയപ്പെട്ടു. വിനീഷ്യസ്, സെര്‍ജിയോ റാമോസ് എന്നിവരാണ് റയലിന് വേണ്ടി ഗോള്‍ നേടിയത്. ജയത്തോടെ റയല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."