ജില്ലയില്‍ ഈ വര്‍ഷം 40 ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാവും
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയിലെ ആശുപത്രികളുടെ മുഖഛായ മാറുന്നു. ഈ വര്‍ഷം ജിലയിലെ 40 ആരോഗ്യസ്ഥാപനങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
നേരിയമംഗലം, ഇടപ്പള്ളി, പൊത്താനിക്കാട്, പാലക്കുഴ, മഞ്ഞല്ലൂര്‍, വാളകം, ചിറ്റാറ്റുകര, കൂനമാവ്, അയ്യമ്പിള്ളി, മുളവുകാട്, കാക്കനാട്, കീഴ്മാട്, രായമംഗലം, അരക്കുന്നം, പനങ്ങാട്, നെട്ടൂര്‍, പിണ്ടിമന, കടവൂര്‍, തുറവൂര്‍, ബിനാനിപുരം, എലൂര്‍, കുമാരപുരം, തിരുവാണിയൂര്‍, ഉദയംപേരൂര്‍, മുനമ്പം, എടവനക്കാട്, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, തിരുവാങ്കുളം, മുടക്കുഴ, ഒക്കല്‍, പാറക്കടവ്, അയ്യമ്പുഴ, ചെറുവട്ടൂര്‍, കോട്ടപ്പടി, പുന്നേക്കാട്, കണ്ടകടവ്, അവോലി, മലയാറ്റൂര്‍എന്നിവയാണ് ഈ വര്‍ഷം കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
കുടുംബാരോഗ്യകേന്ദ്രങ്ങളാവുന്നതോടെ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും ഔട്ട് പേഷ്യന്റ് സംവിധാനം ഉണ്ടായിരിക്കും. എല്ലാത്തരം രോഗങ്ങളുടെയും പ്രാഥമികചികിത്സ ഇവിടെ നടത്തും. വിദഗ്ദചികിത്സ ആവശ്യമുള്ളവരെ റഫര്‍ ചെയ്യുകയും അവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ലാബ് സൗകര്യം രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെയുണ്ടായിരിക്കും
സാധാരണ രോഗ ലക്ഷണങ്ങളുടെ ചികിത്സ, പകര്‍ച്ചവ്യാധികള്‍, പകര്‍ച്ചേതര വ്യാധികള്‍ തുടങ്ങിയവ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കും. ഗര്‍ഭിണികള്‍, കൗമാരക്കാര്‍, ദമ്പതിമാര്‍, പ്രായമായവര്‍, ജീവിതശൈലീരോഗമുള്ളവര്‍, ലഹരിക്കടിമയായവര്‍ എന്നിവര്‍ക്ക് കൗണ്‍സലിംഗ്, ആരോഗ്യവിദ്യാഭ്യാസം, ഗാര്‍ഹിക പീഡനങ്ങളുണ്ടാവുകയാണെങ്കില്‍ സംരക്ഷണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാവും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യസേവനങ്ങളും പരിപാടികളും കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമായി ജില്ല, പഞ്ചായത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
ആരോഗ്യത്തെ സംബന്ധിക്കുന്ന സാമൂഹ്യഘടകങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെ എകോപനത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടത്തുക. കഴിഞ്ഞ വര്‍ഷം അനുവദിച്ച പതിനഞ്ച് കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ പതിനാലും പ്രവര്‍ത്തനം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."