സൗഹൃദങ്ങള്‍ ചതിക്കുഴികളാകരുത്
എവിടെയോ വായിച്ച ഒരു കഥ ആദ്യം പറയാം: 'ഒരിക്കല്‍ പരുന്തിന്റെ മുട്ട ലഭിച്ച ഒരാള്‍ അതു കോഴിയുടെ കൂട്ടില്‍ വച്ചു. കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പം പരുന്തിന്റെ മുട്ടയും വിരിഞ്ഞു. പരുന്തും കോഴിയും ഒന്നിച്ചുവളര്‍ന്നു. ഒരു ദിവസം ആകാശത്തു വലിയചിറകുകള്‍ വിടര്‍ത്തി കാറ്റിനോടു മത്സരിച്ചു പറക്കുന്ന വലിയൊരു പക്ഷിയെ പരുന്തു കണ്ടണ്ടു. അത് ഉറക്കെ വിളിച്ചു ചോദിച്ചു, ഏതാണ് ആ പക്ഷി? അതു പരുന്താണെന്നു മറുപടി കിട്ടി. കോഴിക്കൊപ്പം വിരിഞ്ഞ പരുന്ത് കോഴിയായി കോഴിയോടൊപ്പം ജീവിച്ചു മരിച്ചു.'
ഈ കഥ ഇവിടെ പരാമര്‍ശിക്കാന്‍ കാരണം വഴിവിട്ട സൗഹൃദത്തിലൂടെ വഴിതെറ്റിയ ചിലര്‍ ഇസ്‌ലാമിനെ വികലമാക്കി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുന്ന സാഹചര്യത്തിലാണ്. ഇസ്‌ലാമെന്താണെന്നറിയാത്ത, മുസ്‌ലിമിന്റെ വ്യക്തിത്വത്തെ കുറിച്ച് വേണ്ടവിധം അവബോധമില്ലാത്തവരാണ് ഇത്തരം വാര്‍ത്തകളുടെ കേന്ദ്രബിന്ദു. മുസ്‌ലിമിന്റെ അസ്ഥിത്വം അറിഞ്ഞിരുന്നുവെങ്കില്‍ ജൂത അസ്ഥിത്വം പേറുന്ന നിലപാടുകള്‍ അത്തരം ആളുകളില്‍ നിന്ന് ഉണ്ടാകില്ലല്ലോ. പരുന്തിന്റെ കഴിവ് അറിയാതെ കോഴിയുടെ കൂടെ ജീവിച്ച പരുന്തിനെ പോലെയാകുമവര്‍.
കൂട്ടുകെട്ടുകള്‍ വളരെ പ്രാധാന്യമുള്ളതാണ്. ഒരു മനുഷ്യന്റെ നന്മയും തിന്മയും നിര്‍ണയിക്കുന്നതില്‍ അതിന് വ്യക്തമായ പങ്കുണ്ട്. കൂട്ടുകാര്‍ മുഖേന ജീവിതം നശിപ്പിച്ച നിരവധി ആളുകളെ നമുക്ക് മുമ്പില്‍ കാണാം. ചരിത്രത്തിലും അത്തരം നിരവധി സംഭവങ്ങള്‍ ഉണ്ട്. അതില്‍പ്രധാനമാണ് ഉഖ്ബത്തുബ്‌നുഅബീമുഐത്തിന്റെയും അഅ്ശബ്‌നു ഖൈസിന്റെയും സംഭവം. നബി (സ) യുടെ സന്നിധിയില്‍ സാധാരണ ചെല്ലാറുണ്ടായിരുന്ന ആളാണ് ഉഖ്ബത്തുബ്‌നുഅബീമുഐത്ത് . ഒരു ദിവസം അദ്ദേഹം ഖുറൈശികളെ ഒരു സല്‍ക്കാരത്തിന് ക്ഷണിച്ചു. ക്ഷണിക്കപ്പെട്ടവരില്‍ നബി (സ) യും ഉണ്ടായിരുന്നു.
അവിടുന്ന് അയാളുടെ വീട്ടില്‍ ചെന്നു. എന്നാല്‍ അയാള്‍ തന്നില്‍ വിശ്വസിക്കാത്ത സ്ഥിതിക്ക് അയാളുടെ ഭക്ഷണം കഴിക്കാന്‍ നബി (സ) ഇഷ്ടപ്പെട്ടില്ല. നീ ശഹാദത്ത് ചൊല്ലിയെങ്കിലേ ഞാന്‍ ഭക്ഷണം കഴിക്കുകയുള്ളു എന്ന് അവിടന്ന് അവനോട് പറയുകയും ചെയ്തു. വലിയൊരു സദ്യനടക്കുന്നിടത്തുനിന്ന് മഹാനും സുസമ്മതനുമായ ഒരാള്‍ ഭക്ഷണം കഴിക്കാതെ പോകുന്നത് ആതിഥേയന് അപമാനകരമാണല്ലോ. അറബികളാണെങ്കില്‍ ആതിഥ്യമര്യാദകളില്‍ വളരെ സമുന്നതാവസ്ഥയിലുള്ളവരുമാണ്. നബി (സ) ഇങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ ശഹാദത്ത് കലിമ ചൊല്ലി. ഈ വിവരം അയാളുടെ സ്‌നേഹിതനായിരുന്ന ഉബയ്യുബ്‌നുഖലഫ് അറിഞ്ഞു. അയാള്‍ ഉഖ്ബത്തിനെ ആക്ഷേപിച്ചു. 'ഞാന്‍ മതം മാറിയതല്ല; മുഹമ്മദ് എന്റെ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ എനിക്ക് ലജ്ജതോന്നി; അതുകൊണ്ട് ഞാനങ്ങനെ ചെയ്തുവെന്നേയുള്ളു' എന്നായിരുന്നു ഉഖ്ബത്തിന്റെ പ്രതികരണം. എന്നാല്‍ ഉബയ്യ് രോഷാകുലനായിക്കഴിഞ്ഞിരുന്നു.
തന്റെ ഉറ്റമിത്രവും ഇസ്‌ലാമിന്റെ വിരോധിയുമായിരുന്ന ഉഖ്ബ നബി (സ) യെ അംഗീകരിക്കുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരുന്നു. സുഹൃത്തിന്റെ മറുപടി ശ്രവിച്ച അയാള്‍ പറഞ്ഞു: എന്നാല്‍ നീ മുഹമ്മദിന്റെ അടുത്തുചെന്ന് അവന്റെ പിരടിക്ക് ചവിട്ടുകയും മുഖത്ത് തുപ്പുകയും ചെയ്യണം; എങ്കിലേ ഞാന്‍ തൃപ്തിപ്പെടുകയുള്ളു'. ഉഖ്ബത്ത് ഇങ്ങനെ ചെയ്തു. ഇസ്‌ലാമിന്റെ സുന്ദരാദര്‍ശത്തിലേക്ക് പ്രവേശിച്ച ഉഖ്ബത്ത് സുഹൃത്തിന് വേണ്ടിയാണ് പ്രവാചകരുടെ തിരുമുഖത്ത് തുപ്പിയത്. എന്നാല്‍ ആ തുപ്പല്‍ പ്രവാചക മുഖത്ത് വീണില്ല. തിരിച്ച് ഉഖ്ബത്തിന്റെ മുഖത്ത് തന്നെ വീഴുകയായിരുന്നു. ഉഹ്ദ് പോര്‍ക്കളത്തില്‍ കൊല്ലപ്പെട്ട ഉഖ്ബത്തിന്റെ മുഖത്ത് ഉണങ്ങാതെ ആ തുപ്പല്‍ നിലകൊണ്ടതായി ചരിത്രം പറയുന്നു.
മുസ്‌ലിമാവണമെന്ന ആഗ്രഹത്തോടെ അന്ധനും കവിയുമായ അഅ്ശബ്‌നു ഖൈസ് യമാമയില്‍ നിന്നും മദീനയിലേക്കു പുറപ്പെട്ടു. പ്രവാചകകീര്‍ത്തനങ്ങള്‍ ആലപിച്ചു യാത്ര തുടര്‍ന്നു. മദീനയുടെ അതിര്‍ത്തിയിലെത്തിയപ്പോള്‍ കുറച്ചാളുകള്‍ അദ്ദേഹത്തെ സമീപിച്ചു.
യാത്രയുടെ ഉദ്ദേശ്യം ആരാഞ്ഞു. നബി(സ)യെ കണ്ടുമുട്ടി ഇസ്‌ലാം സ്വീകരിക്കാനാണു വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അതവര്‍ക്കു ദഹിച്ചില്ല. അവര്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തി. അവര്‍ പറഞ്ഞു: ''താങ്കള്‍ക്കു നല്ലത് ഇപ്പോഴത്തെ അവസ്ഥതന്നെയാണ്. മതം മാറിയാല്‍ പഴയ പ്രതാപം ലഭിക്കില്ല.'' പക്ഷേ, അഅ്ശ അതംഗീകരിച്ചില്ല, ''എനിക്കു മുഹമ്മദിന്റെ ദീന്‍ സ്വീകരിക്കണം'', അദ്ദേഹം പറഞ്ഞു. അപ്പോഴവര്‍ പരസ്പരം കൂടിയാലോചിച്ചു. എന്നിട്ടു പറഞ്ഞു: ''അദ്ദേഹം വ്യഭിചാരം നിഷിദ്ധമാക്കുന്നു.'' അഅ്ശ പറഞ്ഞു: ''എനിക്കിപ്പോള്‍ വ്യഭിചാരത്തിന്റെ ആവശ്യമില്ല.'' ഉടനെ അവര്‍ പറഞ്ഞു: ''അദ്ദേഹം മദ്യം നിഷിദ്ധമാക്കുന്നു.''
അഅ്ശ പറഞ്ഞു: ''ഞാന്‍ വൃദ്ധനായി, ഇനി മദ്യം എനിക്കു വേണ്ട.'' അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതു കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ''അഅ്ശാ, താങ്കള്‍ ഇസ്‌ലാം സ്വീകരിക്കാതെ നാട്ടിലേക്കു തിരിച്ചുപോകുകയാണെങ്കില്‍ നൂറ് ഒട്ടകങ്ങള്‍ സമ്മാനമായി നല്‍കാം.'' സമ്ബത്തിന്റെ മോഹത്തില്‍ കുടുങ്ങിയ അദ്ദേഹം പ്രഖ്യാപിച്ചു, ''എങ്കില്‍ ഞാന്‍ തിരിച്ചു പോകാം.'' അവര്‍ നല്‍കിയ നൂറ് ഒട്ടകങ്ങളുമായി യാത്രതിരിച്ച അദ്ദേഹം വളരെ ആഹ്ലാദത്തോടെ ഒട്ടകങ്ങള്‍ക്കു പിന്നില്‍ നടന്നു. വീടിനു സമീപമെത്തിയപ്പോള്‍ ഒട്ടകപ്പുറത്തുനിന്നു വീണു പിരടി പൊട്ടി. അത് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. സമ്പത്തിന്റെ മോഹവലയത്തിലകപ്പെടുത്തി അഅ്ശബ്‌നു ഖൈസിന്റെ ഇഹലോകവും പരലോകവും അപകടത്തിലാകാന്‍ കാരണം ചങ്ങാതിമാര്‍ ആണ്.
വിശ്വാസിയുടെ ഓരോ ചുവടുവയ്പ്പും സക്ഷ്മതയോട് കൂടിയാകണം. അവനെ ആരും അപകടത്തില്‍പെടുത്തിക്കൂടാ.അതിനനുസരിച്ചാവണം അവന്റെ സുഹൃദ് വലയങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."