നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ വീണ്ടും സുലഭമാകുന്നു
പനമരം: നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ ഒരു ഇടവേളക്ക് ശേഷം ജില്ലയില്‍ വീണ്ടും സുലഭമാകുന്നു. നിരോധിത പാന്‍മസാല ഉല്‍പന്നങ്ങളായ ഹാന്‍സ്, മധു, പാന്‍ പരാഗ് തുടങ്ങിയവയാണ് വീണ്ടും സുലഭമായിരിക്കുന്നത്. എക്‌സൈസ് പരിശോധന ശക്തമാക്കിയതോടെ പുകയില ഉല്‍പന്നങ്ങളുടെ വരവ് കുറഞ്ഞിരുന്നു. എന്നാല്‍ പാന്‍മസാലകള്‍ ജില്ലയിലേക്കെത്തിക്കുന്ന സംഘങ്ങള്‍ വീണ്ടും സജീവമായതായാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള നിരോധിത പാന്‍മസാലകള്‍ പിടികൂടിയതിലൂടെ വ്യക്തമാകുന്നത്. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പാന്‍മസാല ഉല്‍പന്നങ്ങള്‍ എത്തുന്നത്.
മറ്റ് ആവശ്യങ്ങള്‍ക്കെന്ന വ്യാജേന പോകുന്ന വാഹനങ്ങളിലാണ് പാന്‍ മസാലകള്‍ ഒളിപ്പിച്ച് കടത്തുന്നത്. ഇതില്‍ കൂടുതലായും എത്തുന്നത് ബത്തേരി, പുല്‍പ്പള്ളി, മാനന്തവാടി മേഖലകളിലാണ്. ഇവിടെ നിന്നും ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്ക് സാധാരണ വാഹനങ്ങളില്‍ കടത്തുകയാണ്. ബത്തേരി ടൗണ്‍ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികളാണ് പുകയില ഉല്‍പന്നങ്ങളുടെ പ്രധാന വില്‍പനക്കാര്‍.
അന്യ സംസ്ഥാനങ്ങളില്‍ വിലയേക്കാള്‍ പത്തിരട്ടി വിലക്കും ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തയാറാകുന്നത് ലഹരി മാഫിയകള്‍ക്ക് കൊള്ളലാഭം കൊയ്യാനും അവസരമുണ്ടാക്കുകയാണ്. പിടിക്കപ്പെട്ടാല്‍ ചെറിയ തുക പിഴയടച്ച് കേസില്‍ നിന്ന് രക്ഷപ്പെടാമെന്നുള്ളതും ഇവര്‍ക്ക് തുണയാകുകയാണ്.
കടയില്‍ നിന്നും അല്‍പം മാറി ഒളിപ്പിക്കുന്നതിനാലാണ് അധികൃതരുടെ പരിശോധനയില്‍ ഇത് കണ്ടെടുക്കാന്‍ സാധിക്കാറില്ല. ചെക്ക് പോസ്റ്റുകളിലെ പരിശോധന കാര്യക്ഷമമല്ലാത്തതും പുകയില ഉല്‍പന്നങ്ങള്‍ യഥേഷ്ടം ജില്ലയിലേക്കെത്തുന്നതിന് കാരണമാകുന്നുണ്ട്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് സംഘങ്ങള്‍ പ്രധാനമായും വില്‍പന നടത്തുന്നത്. വിഷയത്തില്‍ പൊതുജനങ്ങളും പ്രത്യകിച്ച് യുവാക്കളും രംഗത്തിറങ്ങിയാല്‍ ലഹരി വില്‍പന ഒരു പരിധിവരെ കുറക്കാന്‍ കഴിയുമെന്ന് പൊലിസ്, എക്‌സൈസ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."