റാഫേലിനെ കുറിച്ചുള്ള പുസ്തക പ്രകാശനം തെര. കമ്മിഷന്‍ തടഞ്ഞു
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായ റാഫേല്‍ ഇടപാട് സംബന്ധിച്ചു പ്രതിപാധിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. എസ്. വിജയന്‍ തമിഴില്‍ എഴുതിയ 'റാഫേല്‍: രാജ്യത്തെ പിടിച്ചുകുലുക്കിയ അഴിമതി' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് കമ്മിഷന്‍ തടഞ്ഞത്. ഭാരതി പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. റാം ആയിരുന്നു ഇന്നലെ വൈകിട്ട് ചെന്നൈയില്‍ നടക്കേണ്ടിയിരുന്ന പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. പൊലിസ് അകമ്പടിയോടെ എത്തിയ കമ്മിഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ്, ചടങ്ങ് തടയുകയും പുസ്തകങ്ങളുടെ 142 പ്രതികള്‍ എടുത്തുകൊണ്ടുപോവുകയുമായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ചാണ് നടപടി.
കമ്മിഷന് തങ്ങള്‍ ആദ്യം പരാതി നല്‍കുമെന്നും അതിനുശേഷം കോടതിയെ സമീപിക്കുമെന്നും പ്രസാധകര്‍ പറഞ്ഞു. റാഫേല്‍ കരാറിനെക്കുറിച്ചു മാത്രമാണ് പുസ്തകത്തില്‍ പറയുന്നതെന്നും ഇതില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള യാതൊരു ശ്രമവുമില്ലെന്നും ഭാരതി പബ്ലിക്കേഷന്‍ എഡിറ്റര്‍ പി.കെ രാജന്‍ പറഞ്ഞു. നടപടി തീര്‍ത്തും അനീതിയാണെന്നും പൊതുഇടങ്ങളില്‍ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് പുസ്തകത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷന്റെ നടപടി ജനാധിപത്യവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും എന്‍. റാം പ്രതികരിച്ചു.
അതേസമയം, സംഭവം വിവാദമായതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോ തമിഴ്‌നാട് മുഖ്യ ഇലക്ടറല്‍ ഓഫിസോ ഇതുസംബന്ധിച്ച് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി ഇലക്ടറല്‍ ഓഫിസര്‍ സത്യബ്രത സാഹൂ രംഗത്തുവന്നു. ഇതേ കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണാധികാരിക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഇതിനു പിന്നാലെ പ്രകാശനച്ചടങ്ങുമായി മുന്നോട്ടുപോവുമെന്ന് പ്രസാധകര്‍ അറിയിച്ചു. റാഫേല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഹിന്ദു പത്രത്തില്‍ എന്‍. റാം ദീര്‍ഘമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."