വിജയരാഘവന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: യു.ഡി.എഫ്
കൊച്ചി: രാഷ്ട്രീയ സദാചാരമുണ്ടെങ്കില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ തയാറാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍.
ഊര്‍ജസ്വലയായ പൊതുപ്രവര്‍ത്തകയാണ് രമ്യ. അവിവാഹിതയായ ഒരു പെണ്‍കുട്ടിയെ ഇത്രയും മോശമായി അപമാനിക്കുന്നത് മനുഷ്യത്വരഹിതമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും ചെന്ന് കാണുക എന്നത് അവരുടെ കടമയും ഉത്തരവാദിത്വവുമാണ്. അതിനെ മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന് ഭൂഷണമല്ല. സ്ത്രീകളോടുള്ള ഇടതുമുന്നണി നേതാക്കളുടെ മനോഭാവമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
ഒരുവശത്ത് നവോത്ഥാനവും ലിംഗസമത്വവും പറയലും മറുവശത്ത് സ്ത്രീകളെ അപമാനിക്കലുമാണ് ഇടതുനേതാക്കള്‍ ചെയ്യുന്നത്. ഇടതു മുന്നണി കണ്‍വീനര്‍ക്കെതിരേ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കണമെന്നും പരാമര്‍ശത്തിനെതിരേ പരാതിയുമായി മുന്നോട്ടു പോകുന്ന രമ്യക്കും കുടുംബത്തിനും പൂര്‍ണ പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വിജയരാഘവന്റെ പരാമര്‍ശം
അപലപനീയം: ചെന്നിത്തല
കോഴിക്കോട്: രമ്യാ ഹരിദാസിനെതിരേ അശ്ലീല പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രമ്യാ ഹരിദാസിനെതിരേയുള്ള പരാമര്‍ശം അപലപനീയമാണ്. വനിതാമതില്‍ സൃഷ്ടിച്ച സി.പി.എമ്മിന്റെ നവോത്ഥാനമാണോ സ്ത്രീകളെ അപമാനിക്കലെന്ന് വ്യക്തമാക്കണം. എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ പീഡന ആരോപണങ്ങള്‍ ഉയരുമ്പോഴും സി.പി.എം നടപടിയെടുക്കാന്‍ തുനിയാറില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സാംസ്‌കാരിക നായകര്‍ നിലപാട് വ്യക്തമാക്കണം: മുരളീധരന്‍
കൊയിലാണ്ടി: രാഹുല്‍ ഗാന്ധിയെ കുറിച്ചും ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് വനിതാ സ്ഥാനാര്‍ഥിയെ കുറിച്ചും എല്‍.ഡി.എഫ് നേതാക്കളില്‍ നിന്നുണ്ടായ മോശം പരാമര്‍ശങ്ങളെക്കുറിച്ച് സാംസ്‌കാരിക നായകരും ബുദ്ധിജീവികളും നിലപാട് വ്യക്തമാക്കണമെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍.
വര്‍ഷങ്ങളായി അവര്‍ കൈവശം വച്ചിരുന്ന ആലത്തൂര്‍ ഇത്തവണ നഷ്ടമാകുമെന്ന് കണ്ടപ്പോള്‍ സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷത്തിനു വോട്ട് ചെയ്യുമെന്ന് പറയുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിജയരാഘവനെതിരേ
കേസെടുക്കണം: സുധീരന്‍
കൊല്ലം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ പരസ്യമായി ആക്ഷേപിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരേ സ്വമേധയാ കേസെടുക്കാന്‍ പൊലിസും സര്‍ക്കാരും തയാറാകണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. വിജയരാഘവന്റെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പക്വതയുള്ള രാഷ്ട്രീയ നേതാവില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം നടത്തിയ വിജയരാഘവനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തണം. രാഷ്ട്രീയ ബോധം നഷ്ടപ്പെട്ട സി.പി.എം നേതാക്കള്‍ ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നത് തോല്‍വി ഭയന്ന് സമനില തെറ്റിയതു കൊണ്ടാണെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."