ഫാറൂഖിന്റെ പോരാട്ടം വിജയത്തിലേക്ക്; വയോജന സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നു
കണ്ണൂര്‍: മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരേ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കണ്ണൂര്‍ ഇരിക്കൂറിലെ സാമൂഹിക പ്രവര്‍ത്തകനായ ഫാറൂഖിന് അഭിമാനനേട്ടം.
വയോജനങ്ങളുടെ അവകാശസംരക്ഷണത്തിനു വേണ്ടി ഏറെക്കാലമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയായിരുന്ന ഫാറൂഖിന്റെ ആവശ്യം 2017 ല്‍ അന്നത്തെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ നടപ്പാക്കിയിരുന്നു. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കാനും തുക അടക്കാത്തവര്‍ക്കെതിരേ നിയമനടപടി എടുക്കാനും തുടങ്ങിയതോടെ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരുടെ എണ്ണം ജില്ലയില്‍ കുറഞ്ഞു. എന്നാല്‍ ഈ നയം സംസ്ഥാനം മുഴുവന്‍ നടപ്പാക്കണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ തള്ളി. ഇത് വീണ്ടും പരിഗണിക്കണമെന്ന ആവശ്യവുമായി ഫാറൂഖ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കി. അതിനിടെയാണ് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വയോജന ക്ഷേമപരിപാലന നിയമം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
മന്ത്രാലയം തയാറാക്കിയ 'വയോജനങ്ങളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമനിയമം 2018' എന്ന ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നിയമമാക്കുന്നത്. ഇതിന്റെ കരട് ബില്‍ തയാറായിക്കഴിഞ്ഞു. പ്രായം ചെന്ന മാതാപിതാക്കളെ ഉപേക്ഷിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യുന്നവര്‍ക്കുള്ള തടവുശിക്ഷ മൂന്നുമാസത്തില്‍ നിന്ന് ആറുമാസമായി ഉയര്‍ത്തും.
ഇതിനായി 2007 ലെ വയോജന ക്ഷേമപരിപാലന നിയമം കാലോചിതമായി പരിഷ്‌കരിക്കും. ഒക്ടോബര്‍ ഒന്നിന് ലോക വയോജന ദിനത്തിനു മുന്‍പായി ഈ ബില്‍ നിയമമാക്കിയേക്കും. ഇതോടെ വയോജനസംരക്ഷണം കേരള സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരുമെന്ന് ഫാറൂഖ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."