പെരുമ്പാവൂര്‍ ബൈപ്പാസ്; രണ്ട് ഘട്ടങ്ങളായി പൂര്‍ത്തീകരിക്കുന്നതിന് കിഫ്ബിയുടെ അനുമതി
പെരുമ്പാവൂര്‍: ബൈപ്പാസ് വേഗത്തില്‍ പൂര്‍ത്തികരിക്കുന്നതിന് രണ്ട് ഘട്ടങ്ങളായി തിരിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് രണ്ട് ഘട്ടങ്ങളായി തിരിച്ചു അനുമതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം എടുത്തത്. ആലുവ മൂന്നാര്‍ റോഡില്‍ മരുത് കവല മുതല്‍ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള 1.3 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭാഗം ഒരു ഘട്ടമായും പാലക്കാട്ട്താഴം മുതല്‍ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള 2.77 കിലോമീറ്റര്‍ ദൂരം മറ്റൊരു ഘട്ടമായും പൂര്‍ത്തികരിക്കുന്നതിനാണ് അനുമതി ലഭ്യമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് നിര്‍മ്മാണ ഏജന്‍സിയായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഓഫ് കേരളക്ക് കിഫ്ബി നിര്‍ദേശം നല്‍കി. നിലവില്‍ ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. തുടര്‍ന്ന് സംയുക്ത പരിശോധന നടപടികള്‍ ആരംഭിച്ചെങ്കിലും ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൂര്‍ത്തികരിക്കുവാന്‍ സാധിച്ചിരുന്നില്ല. രണ്ട് ഘട്ടമായി വിഭജിച്ചതിനാല്‍ സംയുക്ത പരിശോധന ഉടന്‍ തന്നെ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് വരുന്ന നാല് മാസങ്ങള്‍ക്കുള്ളില്‍ സാമൂഹ്യാഘാത പഠനം പൂര്‍ത്തികരിച്ചാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുവാന്‍ സാധിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ നിശ്ചയിക്കുന്നതിന് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തികരിച്ചു. 3.800 കിലോമീറ്റര്‍ ദൂരത്തില്‍ ചെറുതും വലുതുമായി 158 കല്ലുകളാണ് സ്ഥാപിച്ചത്. പെരുമ്പാവൂര്‍, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളില്‍ ഉള്‍പ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. 3.800 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 25 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. 133.24 കോടി രൂപയുടെ പദ്ധതിക്കാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡി(കിഫ്ബി)ന്റെ അനുമതി ലഭ്യമായിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിര്‍മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത പദ്ധതിയാണ് പെരുമ്പാവൂര്‍ ബൈപ്പാസ്. കിറ്റ്‌കോ ആണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ കേരളയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."