കേരള മാരിടൈം ബോര്‍ഡ് നോക്കുകുത്തിയെന്ന് പരാതി
കോഴിക്കോട്: സംസ്ഥാനത്തെ തുറമുഖങ്ങളുടെ സമഗ്രവികസനവും പരിപാലനവും ലക്ഷ്യമാക്കി രൂപീകരിച്ച മാരിടൈം ബോര്‍ഡ് നോക്കുകുത്തിയെന്ന ആരോപണം ശക്തം. വാണിജ്യ വ്യവസായ രംഗത്തുള്ളവരാണ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.
ചരക്കു കയറ്റുമതി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രോത്സാഹനത്തെപ്പോലും തുരങ്കംവച്ച് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ മേഖലയെ മുരടിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
രൂപീകരിച്ച് രണ്ടു വര്‍ഷമായിട്ടും സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്യാന്‍ ബോര്‍ഡിന് സാധിച്ചിട്ടില്ല. പുതുതായി ഒരു കപ്പല്‍ കൊണ്ടുവരാന്‍ പറ്റിയില്ലെന്നു മാത്രമല്ല ഉള്ളതു തന്നെ ഇല്ലാതായ അവസ്ഥയിലാണ്.
രാജ്യത്ത് ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈന, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ഇന്തോനീഷ്യ തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍ നിലവിലുള്ളതിനു സമാനമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഒരു സുസ്ഥിര മാരിടൈം നിയമമുണ്ടാക്കിയത്. കേരളത്തില്‍ 2017 ലാണ് നിയമം നിലവില്‍ വന്നത്. 2018ല്‍ അഡ്വ. വി.ജെ മാത്യു ചെയര്‍മാനായിട്ടാണ് ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചത്.
കേരളത്തിലെ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രങ്ങളായ മലബാറിലെ തുറമുഖങ്ങളോട് ചിറ്റമ്മ നയം കാണിക്കുകയാണ് ബോര്‍ഡ് എന്ന ആക്ഷേപവും വ്യാപാര രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോഴിക്കോട്ടെ ബേപ്പൂര്‍, കണ്ണൂരിലെ അഴീക്കല്‍ തുറമുഖങ്ങളെ അവഗണിക്കുന്ന സമീപനമാണ് ബോര്‍ഡ് സ്വീകരിച്ചത്.
ചരക്കു ഗതാഗതം നടത്തിയിരുന്ന എം.വി ശ്രേയസ്, എം.വി. കരുതല്‍ എന്നിവ നിര്‍ത്തലാക്കി. ഗ്രേറ്റ് സീ വേമ്പനാട് താല്‍ക്കാലികമായി ഓപ്പറേഷന്‍ നിര്‍ത്തിവച്ച അവസ്ഥയിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നേറുമ്പോഴാണ് കേരളം പിറകോട്ടടിക്കുന്നത്.
തുറമുഖങ്ങളിലൂടെയുള്ള ചരക്കു കടത്ത് ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കാനായി മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ വെസല്‍ ഓപ്പറേറ്റേര്‍മാര്‍ക്ക് കാര്‍ഗോ ഇന്‍സെന്റീവ് സ്‌കീം അടക്കം നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഇതടക്കം നിര്‍ത്തലാക്കുന്ന നടപടിയാണ് ബോര്‍ഡ് ചെയര്‍മാന്റെ ഭാഗത്തു നിന്നുണ്ടാതെന്ന് വ്യാപാര രംഗത്തുള്ളവര്‍ ആരോപിച്ചു.
മലബാറിലെ പ്രമുഖ തുറമുഖമായ ബേപ്പൂരിന്റെ പുരോഗതിക്കാവശ്യമായ നടപടികള്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ബന്ധപ്പെട്ടവര്‍ ആരോപിച്ചു.
കണ്ണൂരിലെ അഴീക്കലില്‍ മാരിടൈം എന്‍ജിനീയറിങ് കോളജ് സ്ഥാപിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതുമുണ്ടായില്ല. ബേപ്പൂരില്‍ കപ്പല്‍ പൊളിശാല ഉടനെ കൊണ്ടു വരുമെന്ന വാഗ്ദാനം ഉണ്ടായെങ്കിലും അതും നടന്നില്ല. കഴിഞ്ഞ 45 മാസമായി ബോര്‍ഡിന്റെ ഒരു യോഗം പോലും വിളിക്കാന്‍ തയാറായിട്ടില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വിഷയം മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം( എം.ഡി.എഫ്) ഏറ്റെടുത്തതായും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."