വാളാട് റോഡിന്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് താഴ്ന്നു
തലപ്പുഴ: തലപ്പുഴ 43ല്‍ വാളാട്-കുഞ്ഞോം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു. ഇടിഞ്ഞ ഭാഗത്ത് റോഡില്‍ വിള്ളല്‍ വീണിട്ടുണ്ട്. 43നും കണ്ണോത്ത്മലയ്ക്കും ഇടയിലായാണ് റോഡരിക് ഇടിഞ്ഞത്.
വലിയ വാഹനങ്ങള്‍ ഇതിലൂടെ പോയാല്‍ റോഡ് പൂര്‍ണ്ണമായും ഇടിയാന്‍ സാധ്യതയുണ്ട്. അപകട സാധ്യത മുന്‍നിര്‍ത്തി ഇതിലൂടെയുള്ള ചരക്കു വാഹനങ്ങളുടെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പും തലപ്പുഴ പൊലീസും അറിയിച്ചു. മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍ തലപ്പുഴ കമ്പിപ്പാലം വഴിയും തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പേര്യ-ആലാറ്റില്‍ വഴിയും തിരിഞ്ഞ് പോകണം. പൊതുമരാമത്ത് ഒന്‍പതു കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച റോഡാണ് അരിക് ഇടിഞ്ഞ് താഴ്ന്ന് ഇപ്പോള്‍ അപകടാവസ്ഥയിലായിരിക്കുന്നത്. മന്ത്രിയായിരിക്കെ പി.കെ ജയലക്ഷ്മി പ്രത്യേക താല്‍പര്യമെടുത്തതിനാലാണ് പൊതുമരാമത്ത് തുകയനുവദിച്ചത്. റോഡിന് വീതികൂട്ടി കയറ്റം കുറച്ചാണ് ലവലൈസ്ഡ് ടാറിങ് പൂര്‍ത്തീകരിച്ചത്.
എട്ട് മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് 10 മീറ്ററാക്കി പുന:ക്രമീകരിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ഉയര്‍ന്ന ഗുണമേന്മ അവകാശപ്പെടുന്ന വെറ്റ് മിക്‌സ് മെക്കാഡം ടെക്‌നോളജി അവലംബിച്ചാണ് റോഡ് നിര്‍മാണം നടത്തിയത്. എന്നാല്‍ കല്ല്, മണല്‍ ആനുപാതത്തില്‍ കൃത്രിമം നടന്നതായി ആദ്യഘട്ടത്തിലേ പ്രദേശവാസികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്ന രീതിയില്‍ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വെണ്‍മണി-കണ്ണോത്ത്മല ഭാഗങ്ങളില്‍ റോഡരിക് ഇടിഞ്ഞ് റോഡില്‍ വിള്ളല്‍ വീണിരുന്നു. ഇപ്പോള്‍ അവിടെ നിന്നും മീറ്ററുകള്‍ മാറിയാണ് റോഡരിക് ഇടിഞ്ഞിറങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."