വിജയരാഘവന്റെ പരാമര്‍ശം: രമ്യയുടെയും ചെന്നിത്തലയുടെ പരാതികള്‍ ഡി.വൈ.എസ്.പിയും റേഞ്ച് ഐ.ജിയും അന്വേഷിക്കും
പാലക്കാട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള പരാതി തിരൂര്‍ ഡി.വൈ.എസ്.പി അന്വേഷിക്കും . ഡി.വൈ.എസ്.പി ബിജു ഭാസ്കറാണ് അന്വേഷിക്കുക.
എല്‍.ഡി.എഫ് കണ്‍വീനര്‍ കോഴിക്കോടും പൊന്നാനിയിലും നടത്തിയ പ്രസംഗങ്ങള്‍ പരിശോധിക്കും. രണ്ടു ദിവസത്തിനകം മലപ്പുറം എസ്.പിക്ക് തിരൂര്‍ ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതി തൃശൂര്‍ റേഞ്ച് ഐ.ജിയും അന്വേഷിക്കും. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ ഐ.ജിക്ക് ഉത്തരവ് നല്‍കിയത്. രമേശ് ചെന്നിത്തലയുടെ പരാതി തിരൂര്‍ ഡി.വൈ.എസ്.പിക്കും കൈമാറിയിട്ടുണ്ട്. രമ്യ ഹരിദാസിന്റെ മൊഴിയും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് രേഖപ്പെടുത്തും.
പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു വിജയരാഘവന്റെ അധിക്ഷേപം. വിജയരാഘവന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വിജയരാഘവന് നല്കിയ വിശദീകരണം
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നായിരുന്നു വിജയരാഘവന്റെ പരാമാര്‍ശം.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."