പാലത്തിലിടിച്ച മീന്‍ലോറിയില്‍ നിന്നു തെറിച്ച് പുഴയില്‍ വീണ ഡ്രൈവര്‍ മരിച്ചു
കാസര്‍കോട്: മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ പുന്നപ്രയിലെ നസീര്‍ (36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഗോവയില്‍ നിന്നും മത്സ്യം കയറ്റി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ലോറി ചന്ദ്രഗിരി പാലത്തിന് മുകളിലെത്തിയപ്പോള്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് പാലത്തിനിടിച്ച് കൈവരി തകര്‍ത്ത് നിന്നത്. ലോറിയുടെ മുന്‍ഭാഗം പാലത്തിലിടിച്ച് എതിര്‍ദിശയിലേക്ക് തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ലോറി പുഴയില്‍ വീഴാതെ പാലത്തിന്റെ കൈവരിയില്‍ താങ്ങിനിന്നു. അപകടത്തെ തുടര്‍ന്ന് നാസര്‍ പുഴയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടം നടന്ന വിവരമറിഞ്ഞ് പൊലിസും ഫയര്‍ഫോഴ്‌സും തീരദേശ പൊലിസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മണിക്കൂറുകളോളം കഴിഞ്ഞിട്ടും പുഴയില്‍ വീണ നാസറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ചെമ്മനാട് പള്ളിക്ക് സമീപം പുഴയിലൂടെ മൃതദേഹം ഒഴുകുന്നതു കണ്ടാണ് കരക്കെത്തിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
ഡ്രൈവര്‍ ഉറങ്ങിയതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. പരേതനായ മുഹമ്മദ് കുട്ടിഖദീജ ദമ്പതികളുടെ മകനാണ് നാസര്‍. ഭാര്യ ഖമറുന്നിസ. മക്കള്‍: അസീബ്, അസീന. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ ആലപ്പുഴയില്‍ നിന്നു കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."