ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിന്‍ഹ് വഗേലയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 80കാരനായ വഗേലയ്ക്കു രോഗം സ്ഥിരീകരിച്ചത് അറിഞ്ഞയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് വഗേലയ്ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനിലായിരുന്ന ഇദ്ദേഹത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍, ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പനി അനുഭവപ്പെട്ടതോടെയാണ് വഗേലയ്ക്ക് കൊവിഡ് പരിശോധന നടത്തിയത്. ആശുപത്രിയിലേക്കു പോകുന്നതിനു മുന്‍പ് അദ്ദേഹം സ്വന്തം ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കിയുള്ള വിഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു.
ജനസംഘത്തിലൂടെ ബി.ജെ.പിയിലെത്തിയിരുന്ന ശങ്കര്‍സിന്‍ഹ് വഗേല, 1996ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാകുകയുമായിരുന്നു. 1997ല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുകയും ഒന്നാം യു.പി.എ സര്‍ക്കാരില്‍ അദ്ദേഹം കേന്ദ്രമന്ത്രിയാകുകയും ചെയ്തിരുന്നു. 2017ല്‍ കോണ്‍ഗ്രസ് വിട്ടു. 2019ല്‍ എന്‍.സി.പിയില്‍ ചേരുകയും ഈയിടെ പാര്‍ട്ടി വിടുകയും ചെയ്തിരുന്നു. ഇദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."