'വിശപ്പിനേക്കാള്‍ വലുതല്ല കൊവിഡ് '
ലക്നൗ: കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെ സ്വന്തം നാടുപിടിച്ച കുടിയേറ്റ തൊഴിലാളികള്‍ തിരികെ ജോലിതേടിയിറങ്ങുന്നു.
യു.പിയില്‍ മാത്രം തിരികെയെത്തിയ മുപ്പതു ലക്ഷത്തിലേറെ തൊഴിലാളികള്‍, വീണ്ടും ജോലിക്കായി ഇതര സംസ്ഥാനങ്ങളിലേക്കു യാത്രചെയ്യാനിരിക്കുകയാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശപ്പിനേക്കാള്‍ വലുതല്ല കൊറോണ വൈറസെന്നാണ് ഇവര്‍ പ്രതികരിക്കുന്നത്.
മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളില്‍ കയറിപ്പറ്റാന്‍ ഉത്തര്‍പ്രദേശിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വലിയ തിരക്കാണെന്നാണ് വിവരം.
യു.പിയില്‍ തൊഴില്സാധ്യതയുണ്ടായിരുന്നെങ്കില് തങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ടിവരില്ലായിരുന്നെന്നു ഗൊരക്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്ക്കുമ്പോള് ദിവാകര്‍ പ്രസാദ്, ഖുര്‍ഷിദ് അന്‍സാരി എന്നിവര്‍ പറഞ്ഞു. മുംബൈയില്‍ ജോലിയുണ്ടായിരുന്ന തങ്ങള്‍ക്ക് അതു തുടരാനായില്ലെങ്കില്‍ അവിടെത്തന്നെ വേറെ ജോലി അന്വേഷിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
പട്ടിണികാരണം തങ്ങളുടെ മക്കള്‍ മരിക്കുന്നതിനേക്കാള്‍ നല്ലത് കൊറോണ ബാധിച്ച് തങ്ങള്‍ മരിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.
നേരത്തെ, നാട്ടില്‍ തിരികെയെത്തിച്ച കുടിയേറ്റ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നു കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം പ്രഖ്യാപിച്ച പദ്ധതി ഇവരെ പുനരധിവസിപ്പിക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇപ്പോള്‍ ആരോപണമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."