വൈദ്യുതി മുടക്കം പതിവാകുന്നു; കൊടുംചൂടില്‍ ദുരിതം സഹിച്ച് ജനം
നെടുമങ്ങാട്: വള്ളനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടക്കം പതിവായിട്ടും തകരാര്‍ പരിഹരിക്കാതെ അധികൃതര്‍. കഴിഞ്ഞ ഒരു മാസമായി കറന്റ് വിതരണം ഇടക്കിടക്ക് തടസപ്പെടുകയാണെന്നാണ് ഉപയോക്താക്കളുടെ പരാതി. വേനല്‍ കടുത്ത് ചൂട് കൂടിയതോടെ ജനങ്ങള്‍ വിയര്‍ത്തൊഴുകുകയാണ്. ഇതിനിടയിലുള്ള വൈദ്യുതി വിതരണ തടസം ജനത്തെ ബുദ്ധിമുട്ടിലാക്കുകയാണ്. വെള്ളനാട് ഇലക്ട്രിസിറ്റി സെക്ഷന്‍ പരിധിയില്‍ വരുന്ന വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളിലാണ് വൈദ്യുതി മുടങ്ങുന്നത്. രാത്രിയിലും സ്ഥിതി വ്യത്യസ്തമല്ല.
വെള്ളനാട് പഞ്ചായത്തില്‍ കുടിവെള്ളമെത്തിക്കുന്ന കുളക്കോട് പമ്പ് ഹൗസിലും ഇലക്ട്രിസിറ്റി മുടങ്ങുന്നത് കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു. വെള്ളനാട് സെക്ഷന്‍ പരിധിയില്‍ കാറ്റടിച്ചാല്‍ പോലും വൈദ്യുതി മുടങ്ങുന്നത് പതിവ് കാഴ്ചയാണന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. കറന്റില്ലാത്ത വിവരം ഓഫിസില്‍ അറിയിക്കാനായി ഫോണ്‍ വിളിച്ചാല്‍ പോലും പലപ്പോഴും കിട്ടാറില്ലെന്നും പരാതിയുണ്ട്. നെടുമങ്ങാട് സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ തടസം നേരിടുന്നതാണ് ഇടക്കിടക്ക് കറന്റ് മുടങ്ങാന്‍ കാരണമെന്ന് വെള്ളനാട് സെക്ഷന്‍ അധികൃതര്‍ പറയുന്നു. ഇന്ന് മുതല്‍ ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും അസി.എന്‍ജീനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."