കറാച്ചി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഭീകരാക്രമണം; ഏഴു മരണം
കറാച്ചി: കറാച്ചിയിലെ പാകിസ്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നാല് സുരക്ഷാ സൈനികരും ഒരു സബ് ഇന്‍സ്‌പെക്ടറുമുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. അക്രമിസംഘത്തിലെ നാലുപേരെയും സുരക്ഷാസേന വെടിവച്ചു കൊന്നു. ഇന്നലെ രാവിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം തുടങ്ങിയ ഉടനെയായിരുന്നു ആക്രമണം. മാരകായുധങ്ങളുമായി കാറില്‍ എത്തിയ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ് ഭീതി പരത്തിയശേഷം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് കടന്ന് കണ്ണില്‍ കണ്ടവരുടെ നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി ബാങ്കുകളുടെ ആസ്ഥാനം കൂടിയാണ് പാകിസ്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (പി.എസ്.എക്‌സ്) കോംപൗണ്ട്. അതീവ സുരക്ഷാ മേഖലയാണിത്. ആക്രമണം നടന്ന ഉടന്‍ പൊലിസും റേഞ്ചര്‍ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി ഭീകരരെ ഏറ്റുമുട്ടലില്‍ വകവരുത്തുകയായിരുന്നു. എട്ടു മിനുട്ടിനകം പ്രവേശനകവാടത്തിനടുത്തു വച്ചു തന്നെ ഭീകരരെ വധിച്ചതായി സിന്ധ് റേഞ്ചേര്‍സ് ഡയരക്ടര്‍ ജനറല്‍ ഉമര്‍ അഹ്മദ് ബുഖാരി പറഞ്ഞു. അക്രമികളുടെ കൈവശം എ.കെ 47 തോക്കും ഗ്രനേഡുകളും ഭക്ഷണവും ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ബലൂചിസ്ഥാന്‍ വിഘടനവാദികളാണോയെന്ന് സംശയിക്കുന്നതായും എന്നാല്‍ അന്വേഷണത്തിനു ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെ നടന്ന ആക്രമണത്തോട് ഇതിന് സാമ്യമുള്ളതായി കറാച്ചി പൊലിസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു.
അക്രമികള്‍ വ്യാപാരം നടക്കുന്ന പ്രധാന ഹാളിലേക്ക് പ്രവേശിക്കാതിരുന്നതിനാല്‍ ആക്രമണം സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നും ഒരു മിനുട്ട് പോലും വ്യാപാരം നിര്‍ത്തിയില്ലെന്നും പി.എസ്.എക്‌സ് ബോര്‍ഡ് ചെയര്‍മാന്‍ സുലൈമാന്‍ എസ് മെഹ്ദി പറഞ്ഞു. കൊവിഡ് മൂലം കൂടുതല്‍ ആളുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വരാതിരുന്നത് മരണനിരക്ക് കുറയാനിടയാക്കി. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കഴിഞ്ഞവര്‍ഷം ഗ്വാദറിലെ പേള്‍ കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന ആക്രമണത്തിനു പിന്നിലും ഈ സംഘടനയായിരുന്നു. അന്ന് എട്ടുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും പ്രസിഡന്റ് ആരിഫ് അല്‍വിയും അപലപിച്ചു. പാക് മണ്ണില്‍ നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയുമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."