ഹേബിയസ് കോര്‍പ്പസ് ഹരജികള്‍ പരിഗണിക്കാതെ ജമ്മുകശ്മിര്‍ ഹൈക്കോടതി
കശ്മിര്‍ ബാര്‍ അസോസിയേഷന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി
ന്യൂഡല്‍ഹി: കശ്മിരിലെ 370ാം വകുപ്പ് എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട് താഴ്‌വരയില്‍ നടന്ന അന്യായ അറസ്റ്റുകള്‍ക്കെതിരേ ജമ്മുകശ്മിര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 99 ശതമാനം ഹേബിയസ് കോര്‍പ്പസ് ഹരജികളും മാസങ്ങളായി പരിഗണിക്കാതെ കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെയ്ക്ക് കശ്മിര്‍ ബാര്‍ അസോസിയേഷന്റെ കത്ത്. 370ാം വകുപ്പ് പിന്‍വലിച്ച ശേഷം കശ്മിരിലെ അഭിഭാഷകന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എഴുതിയ കത്തിലാണ് ബാര്‍ അസോസിയേഷന്‍ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ 370ാം വകുപ്പ് എടുത്തു കളയുന്നത്. ഓഗസ്റ്റ് ആദ്യം മുതല്‍ തന്നെ സര്‍ക്കാര്‍ കശ്മിരിലെ രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും തടവിലാക്കി തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറു മുതല്‍ 600 ഹേബിയസ് കോര്‍പ്പസ് ഹരജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ബാര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ഒരു ശതമാനം കേസ് മാത്രമാണ് പരിഗണിക്കപ്പെട്ടത്. സാധാരണ കോടതിയില്‍ നടക്കാറുള്ള കാര്യങ്ങളല്ല ജമ്മു കശ്മിര്‍ ഹൈക്കോടതിയില്‍ നടക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസുകള്‍ അതത് സമയം ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ അപേക്ഷിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിനെ കണ്ട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. 4ജി ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതിനാല്‍ അഭിഭാഷകര്‍ക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴി കേസുകളില്‍ ഹാജരാകാന്‍ കഴിയുന്നില്ലെന്നും അഭിഭാഷക സംഘടന പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."