ഉറങ്ങിക്കിടന്ന യുവാവിനെ ചുട്ടുകൊന്ന സംഭവം: ഭാര്യയും ഭാര്യാമാതാവും അറസ്റ്റില്‍
പൊന്നാനി: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ ഭാര്യയും ഭാര്യാമാതാവും അറസ്റ്റില്‍. പൊന്നാനി പഴയ അങ്ങാടിയിലെ വണ്ടിപ്പേട്ട ഏഴുകുടിക്കല്‍ കുഞ്ഞന്‍ബാവ (40) ആണ് പൊള്ളലേറ്റ് ചികിത്സക്കിടെ ആശുപത്രിയില്‍ വച്ച് മരിച്ചത്. സംഭവത്തില്‍ കുഞ്ഞന്‍ബാവയുടെ ഭാര്യ ആരിഫ (32), ഭാര്യയുടെ മാതാവ് വണ്ടിപ്പേട്ട ഇപ്പത്താനകത്ത് ആയിഷ (52) എന്നിവരെയാണ് പൊന്നാനി സി.ഐ കെ.സി വിനു, എസ്.ഐ പി.ജി അനൂപ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 22നാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തെക്കുറിച്ച് പൊലിസ് പറഞ്ഞതിങ്ങനെ: സംഭവദിവസം രാത്രി കുഞ്ഞന്‍ബാവ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഭാര്യയും ഭാര്യാമാതാവും വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ സമീപത്തെ ബന്ധുവീട്ടിലായിരുന്നു. കുഞ്ഞന്‍ബാവ വീട് തുറന്ന് അകത്തേക്ക് കയറി ഉറങ്ങാന്‍ കിടന്നു. ഈ സമയം ഭാര്യയും അമ്മായിയമ്മയും വീടിനകത്ത് കയറി ഉറങ്ങിക്കിടന്ന ഇയാളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തുടര്‍ന്ന് രണ്ട് പേരും ബന്ധുവീട്ടിലേക്ക് തന്നെ പോയി. പൊള്ളലേറ്റ കുഞ്ഞന്‍ബാവ മരിച്ചോ എന്നറിയാന്‍ അമ്മയും മകളും വീട്ടിലെത്തി ജനലിനുള്ളിലൂടെ കുഞ്ഞന്‍ബാവയെ നോക്കിയ ശേഷം തിരിച്ചുപോയി.
മരിച്ചിട്ടില്ലെന്നും സംസാരിക്കാന്‍ കഴിയില്ലെന്നും ബോധ്യമായതോടെ മൂന്നാം ദിവസം നാട്ടുകാരെ വിവരമറിയിച്ചു. പൊള്ളലേറ്റതിന് വിവിധ കാരണങ്ങള്‍ പറഞ്ഞ് നാട്ടുകാരെ വിശ്വസിപ്പിച്ചു. ഇതില്‍ ദുരൂഹത തോന്നിയ പ്രദേശവാസികള്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന വിവരം പുറത്തുവന്നത്.
90 ശതമാനം പൊള്ളലേറ്റ കുഞ്ഞന്‍ബാവ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. വണ്ടിപ്പേട്ടയിലെ ആയിഷയുടെ വീട് കുഞ്ഞന്‍ബാവ സ്വന്തമാക്കിയപ്പോള്‍ ആയിഷ കോട്ടത്തറയിലെ വീട്ടില്‍പോയി താമസിക്കേണ്ടിവന്നതും പിന്നീടുള്ള തര്‍ക്കങ്ങളുമാണ് ഇവര്‍ തമ്മിലെ വിരോധത്തിനിടയാക്കിയത്. ഭാര്യ ആരിഫയും ആയിഷയ്‌ക്കൊപ്പം കൂടി. പിന്നീട് ആസൂത്രിതമായി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."