കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി കാരിത്താസ് ആശുപത്രി
കോട്ടയം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കോട്ടയം കാരിത്താസ് ആശുപത്രിയുടെ പുതിയ കാല്‍വയ്പ്. കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം വെച്ചൂര്‍ സ്വദേശി ഷൈനി ബെന്നി (47) യുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് കാരിത്താസ് ആശുപത്രിയില്‍ വിജകരമായി പൂര്‍ത്തീകരിച്ചത്.
ശസ്ത്രക്രിയക്ക് വിധേയയായ ഷൈനിയുടെ ബന്ധുവും കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ സ്വദേശിയുമായ ആന്റണിയാണ് കരള്‍ ദാനം ചെയ്തത്. അവയവദാനത്തിന് തയാറായി മുന്നോട്ടുവന്ന ആന്റണി ശസ്ത്രക്രിയയിലൂടെ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ബോധവാനായിട്ടും തന്റെ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയില്ല. ഇതോടെ ലൈവ് ഡോണര്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് വഴി കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന നേട്ടവും കാരിത്താസ് കൈവരിച്ചു.
ശസ്ത്രക്രിയക്ക് ശേഷം ഷൈനി ഇന്നലെ ആശുപത്രി വിട്ടു. രോഗം മൂര്‍ച്ഛിച്ച് മരണത്തെ മുഖാമുഖം കണ്ട ഷൈനിക്ക് ഒരു പുതുജീവിതമാണ് ശസ്ത്രക്രിയയിലൂടെ ലഭിച്ചത്. ഏതാനും മാസങ്ങള്‍ക്കകം സാധാരണ ജീവിതത്തിലേക്ക് ഷൈനിക്ക് എത്താന്കഴിയുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വംനല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. കാരിത്താസ് ആശുപത്രി ഗാസ്ട്രോ വിഭാഗം മേധാവിയും ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. മുരളി അപ്പുക്കുട്ടന്റെയും അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. സദാശിവന്, ഡോ. നിധീഷ് നാരായണന് എന്നിവരുടെയും നേതൃത്വത്തില്‍ ഡോ. വിനീത വി. നായര്‍, ഡോ. ജോര്‍ജ് മാത്യു സെബാസ്റ്റ്യന്‍, ഡോ. ബുള്‍ബുള്‍ സൂസന് ജേക്കബ്, ഡോ. നിഷ ജോസഫ് പാറ്റാനി, ഡോ. അരുണ്‍ കുമാര്‍, ഡോ. കിരണ്‍ നാഥ്, ഡോ. ടോം കുര്യന്, ഡോ. ജിനോ തോമസ്, ഡോ. അഞ്ജു എം. ദേവസ്യ എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
കേരള സര്‍ക്കാരിന്റെ അവയവ ദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മാറ്റിവച്ച കരള്‍ രോഗിയില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതായും രോഗി പൂര്‍ണ തോതില്‍ സുഖംപ്രാപിച്ചുവരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."