ആരാണ് യഥാര്‍ഥ ശത്രു
ആഗോളവല്‍ക്കരണം സാമ്പത്തികമേഖലയില്‍ മാത്രമല്ല, സാംസ്‌കാരിക രംഗത്തും നടക്കുന്നുണ്ട്. പലപ്പോഴും സാമ്പത്തിക ആഗോളവല്‍ക്കരണത്തേക്കാള്‍ ഗൗരവമേറിയതുമാണത്. ഏറ്റവും സമര്‍ഥമായി സാംസ്‌കാരിക ആഗോളവല്‍ക്കരണം നടപ്പാക്കുന്ന രാജ്യമാണ് ചൈന.
ഒരു ദശകമായി ചൈന നടത്തുന്ന സാംസ്‌കാരിക ആഗോളവല്‍ക്കരണത്തിന്റെ ഇരകളില്‍ ഇന്ത്യയാണു മുന്നില്‍. ഇന്ത്യ കൈവരിക്കുന്ന വളര്‍ച്ച ചൈനയെ അസ്വസ്ഥമാക്കുന്നുണ്ട്. ഏഷ്യയിലെ വന്‍ശക്തിയായി ഇന്ത്യ മാറുമോയെന്ന ഭീതിയാണതിനു കാരണം. നെഹ്‌റുവിന്റെ കാലം മുതല്‍ ആരംഭിച്ചതാണിത്.
സാംസ്‌കാരിക ആഗോളവല്‍ക്കരണത്തിലൂടെ സാമ്പത്തിക ആഗോളവല്‍ക്കരണം എളുപ്പമാണെന്നു ചൈന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചൈന നടത്തുന്ന അതിക്രമങ്ങളും കൊള്ളരുതായ്മകളും ഇതിന്റെ ഭാഗമാണ്. നാം പാകിസ്താനെ ഏറ്റവും വലിയ ശത്രുരാജ്യമായി കാണുമ്പോഴും ചൈനയെ കണ്ണടച്ചു വിശ്വസിക്കാന്‍ പാടില്ലാത്തതാണ്. നാളിന്നേവരെ ഇന്ത്യയുടെ സൗഹൃദം ചൈന പൂര്‍ണാര്‍ഥത്തില്‍ ആഗ്രഹിച്ചിട്ടില്ല.
ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു ചൈനയുടെ സഹായം നിര്‍ലോഭം ലഭിക്കുന്നുണ്ട്. മിസോറമിലെയും നാഗാലാന്‍ഡിലെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ചൈന പിന്തുണ നല്‍കുന്നുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. ഈയടുത്തു പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ ചില അസ്വാരസ്യങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതു ചൈനയാണെന്നു തെളിഞ്ഞിട്ടുണ്ട്.
അസം, നാഗാലാന്‍ഡ്, അരുണാചല്‍ എന്നിവിടങ്ങളിലെ തീവ്രവാദികള്‍ക്കു ചൈനയില്‍ നിന്ന് വേണ്ടത്ര സഹായം ലഭിക്കുന്നുണ്ട്. വടക്കു-കിഴക്കന്‍ മേഖലയെ അസ്ഥിരപ്പെടുത്തി ഇന്ത്യയില്‍നിന്ന് ഈ പ്രദേശങ്ങളെ മാറ്റിയെടുക്കുക എന്ന ഗൂഢപ്രത്യയശാസ്ത്രം ചൈനയുടെ ഒളിയജന്‍ഡയിലുണ്ട്. നെഹ്‌റുവിന്റെ കാലത്ത് അരുണാചല്‍പ്രദേശ് പിടിച്ചെടുക്കാന്‍ ചൈന കഠിനശ്രമം നടത്തിയിരുന്നു. അരുണാചല്‍ തങ്ങളുടേതാണെന്നാണ് അവര്‍ ഇപ്പോഴും കരുതുന്നത്.
ചൈനയോടു ചേര്‍ന്നു നില്‍ക്കുന്ന സംസ്ഥാനങ്ങളായതിനാല്‍ അവിടെയെല്ലാം ഭീകരസംഘടനകള്‍ക്കു രൂപം നല്‍കാനും ഭീകരവാദികള്‍ക്ക് ആയുധവും പരിശീലനവും നല്‍കാനും ചൈനയ്ക്ക് എളുപ്പത്തില്‍ കഴിയും. സ്വാതന്ത്ര്യാനന്തരം ഇന്ത്യക്കെതിരേ ആയുധമെടുക്കാന്‍ നാഗാ കലാപകാരികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തു ചൈന. ഇന്നു നാഗാലാന്‍ഡിലെ തീവ്രവാദികളില്‍ മിക്കവരും ബെയ്ജിങ്ങില്‍ പരിശീലനം നേടിയവരും ആക്രമണാനന്തരം അവിടെ അഭയം തേടുന്നവരുമാണ്. നാഗന്മാരില്‍ നല്ലൊരു ശതമാനവും ചൈനാ പക്ഷക്കാരാണ്.
ഈ സമീപനം തന്നെയാണ് അസമിലെ 'ഉള്‍ഫ' തീവ്രവാദികളോടും ചൈന സ്വീകരിച്ചത്. ഉള്‍ഫാ ഭീകരന്‍ പരേഷ് ബറുവ പിടിക്കപ്പെടുമെന്നായപ്പോള്‍ അയാള്‍ക്കു വേണ്ട സഹായവും അഭയവും നല്‍കിയതു ചൈനയാണ്. ഇന്ത്യയില്‍ നിന്നു നേരേ ഇവരൊക്കെ ചൈനയിലേയ്ക്കാണു പോകുന്നത്. ചൈനയും ഇന്ത്യയിലെ തീവ്രവാദഗ്രൂപ്പുകളും എത്രകണ്ട് ആത്മബന്ധം സ്ഥാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണിത്.
മ്യാന്മറിലെ വടക്കു പടിഞ്ഞാറന്‍ കാടുകളിലാണ് ഇവര്‍ക്കെല്ലാം താവളം. പരിശീലനവും അവിടെത്തന്നെ. 'കച്ചിന്‍ ലിബറേഷന്‍ ആര്‍മി'യുടെ നിയന്ത്രണത്തിലാണു മ്യാന്മര്‍. മണിപ്പൂരിലെ കുപ്രസിദ്ധമായ പല അധോലോക തീവ്രവാദ ഗ്രൂപ്പുകള്‍ക്കും അഭയം മ്യാന്മര്‍ തന്നെ.
എണ്‍പതുകളില്‍ ബംഗ്ലാദേശ് കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യക്കെതിരേ വിഘടനവാദികള്‍ അക്രമം നടത്തിയിരുന്നത്. പാക് പക്ഷക്കാരായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയാണ് ഇതിനു ചുക്കാന്‍ പിടിച്ചിരുന്നത്. ചൈനയും പാകിസ്താനും ഒത്തൊരുമിച്ച് ഇന്ത്യക്കെതിരേ ബംഗ്ലാദേശിനെ ഉപയോഗപ്പെടുത്തി. അവാമി ലീഗ് ബംഗ്ലാദേശില്‍ അധികാരത്തിലെത്തിയതോടെയാണ് ഇതിനു മാറ്റം വന്നത്.
അവാമി ലീഗ് ഭരണകൂടം തീവ്രവാദികള്‍ക്കെതിരേ ശക്തമായ നടപടികളെടുത്തത് അക്കാലത്തു ചൈനയെ ചൊടിപ്പിച്ചിരുന്നു. ഷേയ്ക്ക് ഹസീനയുടെ ധീരമായ നീക്കങ്ങള്‍ ശക്തമായതോടെ വിഘടനവാദികള്‍ താവളം മാറ്റുകയാണുണ്ടായത്. ചൈനയ്ക്കു ചില എന്‍.ജി.ഒകളും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില രാഷ്ട്രീയകക്ഷികളും ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കാന്‍ സഹായം ചെയ്യുന്നുണ്ടെന്നതു വ്യക്തമാണ്.
ഇന്ത്യയിലെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ചൈന നേപ്പാളിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. നേപ്പാളില്‍ ദലൈലാമയ്ക്കും ബുദ്ധമതത്തിനുമെതിരേ ചൈന നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇതിന്റെ ഭാഗമാണ്. നേപ്പാളിലൂടെ ഇന്ത്യയിലെ വടക്കു-കിഴക്കന്‍ മേഖലകളിലേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നു ചൈനയ്ക്കറിയാം. അതിര്‍ത്തിയാണെങ്കില്‍ ദുര്‍ബലവുമാണ്.
മിസോറമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ ബാനറില്‍ 'ബൈ ബൈ ഇന്ത്യ, വെല്‍ക്കം ചൈന' എന്നാണ് എഴുതിയിരുന്നത്. ഇതിനു പിറകിലെ ബുദ്ധികേന്ദ്രം ചൈനയാണെന്ന് ഐ.ബി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ദുര്‍ബല ഭരണകൂടം സ്ഥാപിക്കല്‍ ചൈനയുടെ അപ്രഖ്യാപിത നയമാണ്. അരുണാചലില്‍ തങ്ങള്‍ നടത്തുന്ന ഇടപെടലുകളെ ചോദ്യം ചെയ്യുന്ന ഭരണകൂടം ചൈന ആഗ്രഹിക്കുന്നതേയില്ല.
ഇന്ത്യക്കെതിരേ പാകിസ്താനെ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയെന്ന തന്ത്രം ചൈന പയറ്റുന്നുണ്ട്. പുല്‍വാമ അക്രമണത്തില്‍ പാകിസ്താനെതിരേ ശബ്ദമുയര്‍ത്താന്‍ ചൈന തയാറായില്ല. പാകിസ്താനു സൗജന്യമായി വൈദ്യുതി നല്‍കുമെന്നാണു ചൈനയുടെ പുതിയ വാഗ്ദാനം. പാകിസ്താനെ സഹായം നല്‍കി വരുതിയിലാക്കി ഇന്ത്യക്കെതിരേ ആയുധമാക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. നേരിട്ടുള്ള വൈരം ഇന്ത്യയും പാകിസ്താനും തമ്മിലാകുമല്ലോ.
ചൈനീസ് ഉല്‍പന്നങ്ങളുടെ വലിയ വിപണി ഇന്നു പാകിസ്താനിലുണ്ട്. തങ്ങളുടെ കമ്പനികളെ പാകിസ്താനിലെത്തിച്ചു സാംസ്‌കാരിക പരിവര്‍ത്തനം കൂടി സാധിച്ചെടുക്കുകയെന്ന പദ്ധതി ചൈനയ്ക്കുണ്ട്. പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കായി (സി.പി.ഇ.സി) ചൈന ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത് 75 ബില്യന്‍ ഡോളറാണെന്നാണു കണക്ക്. ഇതോടെ പാകിസ്താനില്‍ ചൈന നിര്‍മിക്കുന്ന പാലങ്ങളും റോഡുകളും ചൈനയുടെ നിയന്ത്രണത്തിലാവും.
പാകിസ്താനെ വരുതിയില്‍ കൊണ്ടുവരാനുള്ള ചൈനയുടെ തന്ത്രമായാണു രാഷ്ട്രീയനിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഒരു ഭാഗത്തു പാകിസ്താനെ സഹായവാഗ്ദാനങ്ങള്‍ നല്‍കി വശീകരിക്കുകയും മറുഭാഗത്തു യുദ്ധങ്ങളില്ലാതെ ഇന്ത്യയെ നിയന്ത്രിക്കുകയും ചെയ്യുകയെന്ന തന്ത്രമാണു ചൈനയിപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഈ തന്ത്രത്തെ ഇരുരാജ്യങ്ങളും തിരിച്ചറിഞ്ഞാല്‍ മാത്രമേ തങ്ങളുടെ യഥാര്‍ഥ ശത്രു ആരാണെന്നു മനസിലാക്കാന്‍ ഇന്ത്യക്കും പാകിസ്താനും കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."