തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ താലൂക്ക് വികസന സമിതി
ഒറ്റപ്പാലം: റവന്യൂ കയ്യേറ്റം ഒഴിപ്പിക്കാന്‍ തീരുമാനമെടുത്തു ആറുമാസമായിട്ടും യാതൊരു തുടര്‍ നടപടിയും സ്വീകരിക്കാത്തതില്‍ വ്യാപക അമര്‍ഷം. കഴിഞ്ഞ മാസം ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ പൊതുസ്ഥലങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജൂണ്‍ 20 നകം ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. ഇതില്‍ ചില തത്പരകക്ഷികളുടെ ഇടപെടല്‍ നടന്നതായും ആരോപണമുയര്‍ന്നു.
കോണ്‍ഗ്രസ് എസ് പ്രതിനിധി ശ്രീപ്രകാശാണ് ആരോപണമുന്നയിച്ചത്. സബ് കലക്ടര്‍, എം.എല്‍.എ കൂടിക്കാഴ്ചക്കുശേഷം തീയതി നിശ്ചയിക്കുമെന്ന് ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ പി.ജി മനോഹരന്‍ മറുപടി പറഞ്ഞു. ഒറ്റപ്പാലം സ്വദേശികള്‍ക്ക് ചെര്‍പ്പുളശ്ശേരി വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലത്തിന്റെ പട്ടയം നല്‍കിയെങ്കിലും ഏഴു വര്‍ഷമായിട്ടും സ്ഥലം നിജപ്പെടുത്താതെ ജനങ്ങളെ വലക്കുകയാണെന്ന വിമര്‍ശനവും റവന്യു വകുപ്പിനെതിരെ എന്‍സിപി പ്രതിനിധി ഇബ്രാഹിം ഉന്നയിച്ചു. റീസര്‍വേ സംബന്ധിച്ച 8000 അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായും ഇതില്‍ 2000 അപേക്ഷകള്‍ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടതാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡില്‍ സീബ്രാലൈന്‍ സ്ഥാപിക്കുന്നതിന്ന് റോഡ് സേഫ്റ്റി ബോര്‍ഡിന്റെ അംഗീകാരം ഇതുവരെയും ലഭിച്ചില്ലെന്നും, മംഗലം മുരുക്കും പറ്റ റോഡ് മണ്‍സൂണ്‍ കഴിഞ്ഞയുടന്‍ ബാക്കി പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ബസ് അനുവദിച്ച് പ്രചരണ ബോര്‍ഡുകള്‍ വെച്ചതല്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലും ബസ് എത്തിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പിനെതിരെ പരാതിയുയര്‍ന്നു.
ലെക്കടി പേരൂര്‍ പഞ്ചായത്തിലെ രാജീവ് ഗാന്ധി കോളനി, ലക്ഷംവീട് കോളനി എന്നിവിടങ്ങളില്‍ താമസിക്കുന്നവരില്‍ പട്ടയം ലഭിക്കാത്ത ആളുകള്‍ക്ക് റേഷന്‍ കാര്‍ഡ് സംബന്ധിച്ച ആവശ്യത്തിന്ന് താമസ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് പ്രതിനിധി പി.എ ഷൗക്കത്തലി ആവശ്യപ്പെട്ടു. ഒറ്റപ്പാലം താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസില്‍ 6425 അപേക്ഷകള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാംഘട്ടം ക്യാംപ് ജൂലൈ 16 മുതല്‍ പഞ്ചായത്ത് തലങ്ങളില്‍ നടത്തുമെന്നും സപ്ലൈ ഓഫിസര്‍ താലൂക്ക് സഭയെ അറിയിച്ചു. ജല അതോറിറ്റിയുടെ ലൈസന്‍സുള്ള പ്ലംമ്പര്‍മാര്‍ അനുമതിയില്ലാതെ റോഡ് കീറി പ്രവൃത്തികള്‍ ചെയ്യുന്നതായി പൊതുമരാമത്ത് വകുപ്പു ഉദ്യോഗസ്ഥ ആരോപിച്ചപ്പോള്‍ ഇതിനെ ശരിവെക്കുകയും ബന്ധപ്പെട്ട വകുപ്പ് ഇവര്‍ക്കെതിരെ പിഴ ചുമത്തണമെന്നും ജല അതോറിറ്റി അസിസ്റ്റന്റ്എക്‌സി. എന്‍ജിനീയര്‍ പറഞ്ഞു. തൊഴില്‍ വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനം വന്നതായി വകുപ്പ് അധികൃതര്‍ പറഞ്ഞു.
ജോലി സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗാധ്യക്ഷന്‍ കെ ഭാസ്‌കരന്‍ നിര്‍ദേശം നല്‍കി. വനം വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വന്യജീവികള്‍ക്ക് സംരക്ഷണം നടക്കുന്നതായും, കൃഷിയിടങ്ങളിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതായും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒറ്റപ്പാലം മേഖലയില്‍ കഞ്ചാവ് വില്‍പ്പനയുടെ അളവ് കൂടിയതായും ബന്ധപ്പെട്ട വകുപ്പുകള്‍ വേണ്ടരീതിയില്‍ റെയ്ഡുകള്‍ നടത്തണമെന്നും. ചാരായ വാറ്റ് വര്‍ധിച്ചതായും , ഓണത്തിന് മുന്നോടിയായി തദ്ദേശ ഭരണ സമിതികളുടെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പ് മുന്‍കരുതലുകളെടുക്കുവാനും തീരുമാനമായി. പി വേണുഗോപാല്‍, തോമസ്‌ജേക്കബ് സംസാരിച്ചു. തഹസില്‍ദാര്‍ ജി രമേശ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."