ചുരം കയറി യെച്ചൂരിയെത്തും, രാഹുലിനെതിരേ പ്രചാരണത്തിന്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ മടയില്‍ കയറി ആക്രമിക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചുരം കയറുന്നു. രാഹുലിനെതിരേ പ്രചാരണത്തിന് സീതാറാം യെച്ചൂരിയെയും രംഗത്തിറക്കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
നേരത്തെ ഇറക്കിയ പി.ബി അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രചാരകരുടെ പട്ടികയില്‍ സീതാറാം യെച്ചൂരി ഇല്ലായിരുന്നു. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ ബേബി, പിണറായി വിജയന്‍ എന്നിവരാണ് വയനാട് മണ്ഡലത്തില്‍ വിവിധ പൊതു സമ്മേളനങ്ങളിലും കുടുംബ യോഗങ്ങളിലും ഇടതു സ്ഥാനാര്‍ഥി പി.പി സുനീറിന്റെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച മുതിര്‍ന്ന സി.പി.എം നേതാക്കള്‍. എന്നാല്‍ വയനാട്ടില്‍ ഇടതു നേതാക്കളുടെ കവചമൊരുക്കണമെന്നും ശക്തമായ മത്സരം കാഴ്ചവയ്ക്കണമെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. മോദി സര്‍ക്കാരിനെ താഴെയിറക്കുക, പുതിയ മതേതര ബദല്‍ കേന്ദ്രത്തില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യം വച്ചാണ് ഇടതു കക്ഷികള്‍ ഉള്‍പെട്ട പ്രതിപക്ഷ ഐക്യനിര കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്‍ കൈയെടുത്തത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. യെച്ചൂരിയുടെ പ്രചാരണ പരിപാടികളില്‍ വയനാട് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതു പാര്‍ട്ടി അണികളില്‍ പ്രതിഷേധത്തിന് ഇടയാകുമെന്ന് മുന്നില്‍ കണ്ടാണ് യെച്ചൂരിയെ വയനാട് ചുരം കയറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
തന്റെ പ്രചാരണ പരിപാടികള്‍ തീരുമാനിക്കുന്നത് സംസ്ഥാന ഘടകമാണെന്നും തീരുമാനിച്ചാല്‍ വയനാട്ടില്‍ രാഹുലിനെതിരേ പ്രചാരണത്തിന് എത്തുമെന്നും യെച്ചൂരി പറഞ്ഞതിനു പിന്നാലെയാണ് സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്. കൂടാതെ രാഹുല്‍ ഇഫക്ടില്‍ പ്രതീക്ഷയുള്ള മണ്ഡലങ്ങളും കൈവിട്ടു പോകാതിരിക്കാനുളള പ്രതിരോധം തീര്‍ക്കാനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താനാണ് ഇന്നലെ സെക്രട്ടേറിയറ്റ് കൂടിയത്.
രാഹുലിനെ വയനാട്ടില്‍ പരാജയപ്പെടുത്താനുള്ള തന്ത്രത്തിനും സെക്രട്ടേറിയറ്റ് രൂപം നല്‍കി. രാഹുലിനെ തോല്‍പ്പിക്കാനായി ഓരോ പാര്‍ട്ടി അംഗത്തിനും വോട്ട് ക്വോട്ട നിശ്ചയിച്ചു. മണ്ഡലത്തിലെ 20,000 പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്ന് ഒരു ലക്ഷം വോട്ടുകള്‍ അധികം പിടിക്കണമെന്നാണ് നിര്‍ദേശം. മറ്റു സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാനിരിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ വോട്ടുകള്‍ ഇടതു സ്ഥാനാര്‍ഥി സുനീറിന് അനുകൂലമാക്കാനാണ് ഈ നീക്കം.
തങ്ങള്‍ക്കു ചുമതലയുള്ള ബൂത്തിലെ രണ്ടു കുടുംബങ്ങളെയെങ്കിലും ഓരോ പാര്‍ട്ടി അംഗവും സ്വാധീനിക്കണമെന്ന് നിര്‍ദേശമുണ്ട്. ലോക്കല്‍ കമ്മിറ്റിയംഗം മൂന്നു കുടുംബങ്ങളുടെയും ഏരിയാ കമ്മിറ്റിയംഗം അഞ്ചു കുടുംബങ്ങളുടെയും ചുമതല ഏറ്റെടുക്കണം. ഇത്തരത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം പുതിയ വോട്ടുകള്‍ സമാഹരിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ 20,870 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.
രാഹുലിനെതിരേ ശക്തമായ പ്രചാരണം നടത്താനും യോഗത്തില്‍ ധാരണയായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും വയനാട്ടില്‍ പാര്‍ട്ടി സംവിധാനം പ്രവര്‍ത്തിക്കുക. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ ആത്മവിശ്വാസമില്ലാത്ത കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമായി മണ്ഡലത്തില്‍ സ്ഥാപിച്ചെടുക്കാനായിരിക്കും പ്രധാന ശ്രമം. ഇതിനു മുന്നണിയിലെ മറ്റു ഘടകകക്ഷികളുടെയും സി.കെ ജാനുവിന്റെയും പിന്തുണയുമുണ്ട്.
ബി.ജെ.പി മുഖ്യ ശത്രുവാകുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെത്തുന്നതിലെ സന്ദേശമാണ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് നേതാക്കള്‍ പ്രധാനമായും പ്രചാരണായുധമാക്കുക. ബി.ജെ.പി എന്ന പൊതുശത്രുവിനെ നേരിടാന്‍ ത്രാണിയില്ലാത്ത നേതാവായി രാഹുലിനെ അവതരിപ്പിക്കുകയാണ് തന്ത്രം.
മതേതര മുന്നണിയെ നയിക്കേണ്ട ദേശീയ നേതാവ് ബി.ജെ.പിയെ എതിര്‍ക്കുന്ന ഇടതു പാര്‍ട്ടികളെ നേരിടാനെത്തുന്നതിലെ രാഷ്ട്രീയ പാപ്പരത്തം പരമാവധി ജനങ്ങളിലെത്തിക്കുകയാണ് സി.പി.എം ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."