അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് തുടക്കം
പാലക്കാട്: ബഹുരാഷ്ട്ര കമ്പനിയായ കൊക്കക്കോളക്കെതിരായ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് കലക്ടറേറ്റിനു മുന്‍പില്‍ തുടക്കമായി. കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന അതിജീവന സമരത്തിന്റെ തുടര്‍ച്ചയായാണ് സത്യഗ്രഹം ആരംഭിച്ചിട്ടുള്ളത്.
ഇന്ത്യയുടെ വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്രസിങ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. നാല്‍പത്തിനാല് നദികളാല്‍ സമൃദ്ധമായ കേരളത്തില്‍ ഇതുപോലൊരു ജല സമരം ദുഃഖകരമാണെന്നും ഈ സമരം ലോകത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ജലം ഒരു കമ്പനിയുടെയും സ്വകാര്യ കുത്തകയല്ല. പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് കൊക്കക്കോള കമ്പനിയാണ്. ആ നഷ്ടപരിഹാരം വാങ്ങികൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതിനുവേണ്ടിയുള്ള സമരത്തിന് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ചെയര്‍മാന്‍ അമ്പലക്കാട് വിജയന്‍ അധ്യക്ഷനായി. പത്രപ്രവര്‍ത്തകനായ പി. സുരേഷ്ബാബു രചിച്ച പ്ലാച്ചിമട ജലത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്ലാച്ചിമട സത്യഗ്രഹിയായ കന്നിയമ്മക്കു നല്‍കി ഡോ. രാജേന്ദ്രസിങ് നിര്‍വഹിച്ചു.
പ്ലാച്ചിമട സമരത്തെക്കുറിച്ചുള്ള കോര്‍പറേറ്റ് വാഴ്ചയുടെ വഴിയടച്ച സമര നാള്‍വഴികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ശാന്തിക്കു നല്‍കി അദ്ദേഹം നിര്‍വഹിച്ചു. പുസ്തകത്തിന്റെ ഡിജിറ്റല്‍ പ്രകാശനവും നടന്നു. പ്ലാച്ചിമട കോളവിരുദ്ധ സമരസമിതിയും ഐക്യദാര്‍ഢ്യ സമിതിയും ചേര്‍ന്നാണ് സത്യഗ്രഹ സമരത്തിന് നേതൃത്വം നല്‍കുന്നത്.
നഷ്ടപരിഹാര-ട്രിബ്യൂണല്‍ രൂപികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ഇരകള്‍ക്ക് അടിയന്തര ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കുക, പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കോളകമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുക, കോളയുടെ ആസ്തികള്‍ കണ്ടുകെട്ടുക, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജലമലിനീകരണം തടയല്‍ നിയമപ്രകാരം കോളക്കമ്പനിക്കെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
100 ദിവസ സമരത്തിനാണ് കൊക്കക്കോള വിരുദ്ധ സമര സമിതി നേതൃത്വം നല്‍കുന്നത്.
വിളയോടിവേണുഗോപാല്‍, അമ്പലക്കാട് വിജയന്‍, ടി.കെ വാസു, എം. സുലൈമാന്‍, ശാന്തി, കെ.വി ബിജു, ആര്‍. വിജയന്‍, പി.വി വിജയരാഘവന്‍, വിജയരാഘവന്‍ ചേലിയ, കെ. മായാണ്ടി, ജോഷി ജേക്കബ്, ടി. ഷാക്കിര്‍, ടി.കെ രാജന്‍, പുതുശ്ശേരി ശ്രീനിവാസന്‍, ഡി. കാര്‍ത്തികേയന്‍, എം.എന്‍ ഗിരി, ആറുമുഖന്‍പത്തിച്ചിറ, റോബിന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."