മമതയോടും നായിഡുവിനോടും 'ചോദിച്ചുവാങ്ങി' മോദി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണം കൂടുതല്‍ ചൂടുപിടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായും കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ആരോപണങ്ങള്‍ക്ക് മണിക്കൂറിനുള്ളില്‍ ഇരുവരും തിരിച്ചടിച്ചത് രംഗം കൊഴുപ്പിക്കുകയും ചെയ്തു. രണ്ടു മുഖ്യമന്ത്രിമാരും അതിരൂക്ഷമായ പദങ്ങളുപയോഗിച്ചാണ് പ്രധാനമന്ത്രിക്കു മറുപടി നല്‍കിയത്.
കൊല്‍ക്കത്തയില്‍ ഇന്നലെ നടന്ന ബി.ജെ.പി റാലിക്കിടെയാണ് പ്രതിപക്ഷത്തെ തീപ്പൊരിയായ മമതയുമായി മോദി ഉടക്കിയത്. മമതാ ബാനര്‍ജി വികസന വിരുദ്ധയാണെന്ന അര്‍ത്ഥത്തില്‍ പശ്ചിമ ബംഗാളിലെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണ് ദീദിയെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കേന്ദ്രസര്‍ക്കാര്‍ വലിയ അവകാശവാദങ്ങളോടെ കൊണ്ടുവന്ന ആരോഗ്യ പദ്ധതിയായ 'ആയുഷ്മാന്‍ ഭാരത് ' സംസ്ഥാനത്തു വേണ്ടെന്നുവച്ച മമതയുടെ നടപടിയെ സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം. ദീദി എന്ന പേരില്‍ നിങ്ങള്‍ അറിയുന്ന ഒരാളുണ്ട്. ഈ ദീദി നിങ്ങളുടെ വികസനത്തിന്റെ വേഗതകുറയ്ക്കുന്ന ആളാണ്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്ന പദ്ധതി സ്പീഡ് ബ്രേക്കര്‍ ദീദി എന്തു ചെയ്തു? അത് അവര്‍ തകര്‍ക്കുകയായിരുന്നു. മമതക്കു ബംഗാളിലെ ദാരിദ്ര്യം മാറ്റണമെന്ന് ആഗ്രഹമില്ല. ബാലാകോട്ട് ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു തെളിവു ചോദിച്ച മമത പാകിസ്താനെ കുറിച്ചോര്‍ത്താണ് കൂടുതല്‍ വിഷമിക്കുന്നത്. മമത മാത്രമല്ല പ്രതിപക്ഷനിരയിലെ എല്ലാ പാര്‍ട്ടികളും അതുപോലെ തന്നെയാണെന്നും മോദി ആരോപിച്ചു.
പ്രസംഗം മാധ്യമങ്ങളില്‍ പുറത്തുവന്നതിനു പിന്നാലെ, ഇതിന് ഉടന്‍ മറുപടി തരാമെന്ന് പ്രതികരിച്ച മമത വൈകാതെ തന്നെ കടുത്ത പദങ്ങളുപയോഗിച്ച് പ്രധാനമന്ത്രിക്കു 'വയറുനിറച്ചു' കൊടുക്കുകയും ചെയ്തു. നിങ്ങള്‍ ആദ്യം ഡല്‍ഹിയുടെ കാര്യം നോക്കൂ. ശേഷം ബംഗാളിലേക്കു നോക്കിയാല്‍ മതി. രാഷ്ട്രീയ എതിരാളികളെയൊക്കെയും റെയ്ഡ് ചെയ്തും കേസില്‍ കുടുക്കിയും വേട്ടയാടുകയാണ് നിങ്ങള്‍. ധൈര്യമുണ്ടെങ്കില്‍ എന്നെ പിടിക്ക്, കഴിയുമെങ്കില്‍ എന്നെ തൊടൂ- അവര്‍ വെല്ലുവിളിച്ചു. ഞാനും ഹിന്ദു കുടുംബത്തില്‍ ജനിച്ചവരാണ്. പക്ഷേ ഹിന്ദു മതത്തെ കൊണ്ട് കളിക്കാറില്ല. എന്റെ മാതാപിതാക്കള്‍ ഹിന്ദു മതം കൊണ്ട് കളിക്കാന്‍ എന്നെ പഠിപ്പിച്ചിട്ടില്ല. മോദി എന്താണ് രാജ്യത്തിനുവേണ്ടി ചെയ്തത്. 12,000 കര്‍ഷകരാണ് മോദി ഭരണത്തില്‍ ജീവനൊടുക്കിയത്. നൂറുദിന തൊഴിലുറപ്പുപദ്ധതി വിജയകരമായി നടത്തിയ സംസ്ഥാനമാണ് ബംഗാള്‍. ഇത് നുണപറയുകയല്ല. സംസ്ഥാനത്തിന്റെ ഈ നേട്ടത്തിന് നിങ്ങളുടെ സര്‍ക്കാരാണ് ഞങ്ങള്‍ക്ക് അവാര്‍ഡ് തന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും 15 ലക്ഷം രൂപ കൊടുക്കുമെന്നാണ് നിങ്ങള്‍ പറഞ്ഞത്. എന്നിട്ട് ആര്‍ക്കെങ്കിലും ഒരു പൈസയെങ്കിലും കൊടുത്തോ?
വിവരം കിട്ടിയിട്ടും നിങ്ങള്‍ സി.ആര്‍.പി.എഫ് ജവാന്‍മാരെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു. ഞങ്ങളും ദേശീയവാദികളാണ്, ഫാസിസ്റ്റുകളല്ല. ഞാന്‍ നരേന്ദ്രമോദിയല്ല. ഞാന്‍ അദ്ദേഹത്തെപ്പോലെ നുണപറയാറുമില്ല- മമത പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാതൃകയില്‍ സംവാദത്തിനുണ്ടോയെന്ന് ഒരിക്കല്‍ കൂടി നിങ്ങളെ വെല്ലുവിളിക്കുകയാണെന്നും മമത പറഞ്ഞു.
കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ടി.ഡി.പി അധ്യക്ഷന്‍ കൂടിയായ ചന്ദ്രബാബു നായിഡുവിനെ നരേന്ദ്രമോദി വിമര്‍ശിച്ചത്. മലക്കംമറിയുന്ന ആള്‍ എന്നര്‍ത്ഥത്തില്‍ 'യൂടേണ്‍ ബാബു' എന്നായിരുന്നു നായിഡുവിനെ മോദി വിശേഷിപ്പിച്ചത്. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയും വാഗ്ദാനങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ചന്ദ്രബാബു നായിഡു ബാഹുബലി സിനിമയിലെ പ്രതിനായകന്‍ ബല്ലാല ദേവനെപ്പോലെയാണെന്നും മോദി പരിഹസിച്ചിരുന്നു.
മോദിയുടെ പരാമര്‍ശങ്ങള്‍ക്ക് അതിരൂക്ഷമായി പ്രതികരിച്ച നായിഡു, നരേന്ദ്രമോദി കൊടും ഭീകരനും ചീത്ത മനുഷ്യനുമാണെന്നും പറഞ്ഞു. ന്യൂനപക്ഷ സഹോദരന്മാരോട് എനിക്ക് ഒരേ ഒരു അഭ്യര്‍ത്ഥനയേയുള്ളൂ. നിങ്ങള്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്താല്‍ പ്രശ്‌നങ്ങള്‍ കൂടുകയേയുള്ളൂ. നിങ്ങളെ ജയിലിലടയ്ക്കുക എന്ന ഉദ്ദേശത്തോടെ മുത്വലാഖ് നിയമം കൊണ്ടുവന്നത് മോദിയാണ്. ഗുജറാത്ത് കലാപ സമയത്ത് മോദിയുടെ രാജി ആവശ്യപ്പെട്ട ആദ്യ വ്യക്തിയാണ് ഞാന്‍. നരേന്ദ്രമോദി ഒരിക്കല്‍ കൂടി പ്രധാനമന്ത്രി ആയാല്‍ അദ്ദേഹം ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് ആക്രമണങ്ങള്‍ ആസൂത്രണംചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."