ബുര്‍ഹാന്‍പുര്‍: ഹൈക്കോടതി ജാമ്യം നല്‍കിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വീണ്ടും അറസ്റ്റ് ചെയ്തു
ബുര്‍ഹന്‍പൂര്‍: മധ്യപ്രദേശിലെ ബുര്‍ഹാന്‍പുരില്‍ കത്‌വ വിഷയത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരായ മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുന്നു. സംഭവത്തേത്തുടര്‍ന്ന് എടുത്ത കേസില്‍ ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചതിനു പിന്നാലെ വീണ്ടും കുറ്റങ്ങള്‍ ചാര്‍ത്തിയിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ രണ്ട് മാസക്കാലമായി ഖണ്ട്വ ജയിലില്‍ കഴിയുന്ന മധ്യപ്രദേശ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മുദസ്സിര്‍ മുഹമ്മദ് അടക്കമുള്ള പ്രവര്‍ത്തകര്‍ക്കു ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ജാഹിറുദീന്‍ അടക്കമുള്ള അഞ്ച് നേതാക്കള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ച് ജാമ്യ ഉത്തരവ് ജയിലിലെത്തിക്കും മുന്‍പ് പ്രവര്‍ത്തകര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു.
ഏപ്രില്‍ 21 നാണ് കത്‌വ വിഷയത്തില്‍ ബുര്‍ഹാന്‍പൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. മുന്‍കൂട്ടി അനുമതി തേടി നടത്തിയ പ്രകടനം സമാധാനപരമായിരുന്നു. പിന്നീട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ദേശവിരുദ്ധ മുകവാക്യങ്ങള്‍ മുഴക്കിയെന്നും, പൊതുമുതല്‍ നശിപ്പിച്ചെന്നും ആരോപിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മുദസ്സിര്‍ മുഹമ്മദ് അടക്കം ഏതാനും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെയും അനുഭാവികളെയും പൊലിസ് അറസ്റ്റ്‌ചെയ്തത്.
ഇതേത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുകയാണിപ്പോള്‍. രാജ്യത്തിനെതിരായ ഭീകര അക്രമണങ്ങള്‍ ഉണ്ടാകുന്ന സംഭവങ്ങളില്‍ മാത്രം ചുമത്തുന്നതാണ് മാരകമായ വകുപ്പുകളടങ്ങുന്ന ഈ നിയമം. ഒരു വര്‍ഷത്തോളം വിചാരണ കൂടാതെ തടവില്‍ അടക്കാന്‍ നിയമം പൊലിസിന് അനുവാദം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."