നോർക്ക ഹെൽപ്പ് ഡെസ്‌ക് ആദ്യ ചാർട്ടേഡ് വിമാനം സഊദിയിൽ നിന്നും കൊച്ചിയിലേക്ക് പറന്നു
ദമാം: നോർക്ക ഹെൽപ്പ് ഡെസ്‌ക് ആദ്യ ചാർട്ടേഡ് വിമാനം സഊദിയിൽ നിന്നും കൊച്ചിയിലേക്ക് പറന്നു.
കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നും കൊച്ചിയിലേക്ക് നോർക്ക ഹെൽപ്പ് ഡെസ്‌ക് ചാർട്ട് ചെയ്ത ഗോ എയറിന്റെ ആദ്യവിമാനം ദമാം കിങ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 174 യാത്രക്കാരുമായാണ് യാത്ര തിരിച്ചത്. സഊദിയിൽ നിന്നും ഇന്ന് വരെ പോയ ചാർട്ടേർഡ് വിമാനങ്ങളിൽ ഏറ്റവും ചെറിയ ടിക്കറ്റ് നിരക്കായ 1520 റിയാലാണ് യാത്രക്കാരിൽ നിന്നും ഈടാക്കിയതെന്ന് നോർക്ക ഹെൽപ്പ് ഡെസ്ക് അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായുള്ള പി പി ഇ കിറ്റുകൾ യാത്രക്കാർക്ക് സൗജന്യമായി നൽകിയിരുന്നു.
രണ്ടു മാസം മുമ്പാണ് കേരളസർക്കാരിന്റെയും നോർക്കയുടെയും നിർദ്ദേശപ്രകാരം കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങൾ മുൻകൈ എടുത്ത് നോർക്ക ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചത്. ഭക്ഷണമില്ലാതെ വിഷമിച്ച പ്രവാസികൾക്കായി മുപ്പത് ടണ്ണിലധികം ഭക്ഷ്യധാന്യകിറ്റുകളാണ് നോർക്ക ഹെൽപ്പ് ഡെസ്ക്ക് വഴി വിതരണം ചെയ്‌തത്. രോഗികളായ പ്രവാസികൾക്ക് മരുന്നുകൾ എത്തിച്ചും ചികിത്സയ്ക്ക് യാത്രസൗകര്യം ഒരുക്കിയും ഡോക്ടർമാരുമായി സംസാരിയ്ക്കാൻ അവസരം ഒരുക്കിയും മാനസിക സമ്മർദ്ദത്തിൽപ്പെട്ടവർക്ക് ഫോണിലൂടെ കൗൺസലിങ് നൽകിയും നിയമ പ്രശ്നങ്ങളിൽപ്പെട്ടവർക്ക് സഹായങ്ങൾ നൽകിയും നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികൾക്ക് മാസ്ക്കും ഗ്ലൗസുകളും വിതരണം ചെയ്തും നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.
കൊച്ചിയിലേക്കും, കണ്ണൂരിലേയ്ക്കും രണ്ടു വിമാനങ്ങൾ വീതമാണ് ആദ്യത്തെ ആഴ്ച നോർക്ക ഹെൽപ്പ്ഡെസ്ക്ക് ചാർട്ട് ചെയ്‌തിരിക്കുന്നത്. ഇന്നലെ പുറപ്പെട്ട ദമാം-കൊച്ചി സർവ്വീസ് കൂടാതെ, കൊച്ചിയിലേയ്ക്ക് മറ്റൊരു വിമാനവും കണ്ണൂരിലേക്ക് രണ്ടു വിമാനങ്ങളും അടുത്ത ദിവസങ്ങളിൽ പറക്കും.
വിമർശങ്ങളെ അതിന്റെ ഉദ്ദേശശുദ്ധിയോടെ ഉൾക്കൊള്ളുന്നു എന്നും എന്നാൽ യാതൊരു വസ്തുതയുമില്ലാത്ത ആരോപണങ്ങളെ തള്ളിക്കളയുന്നതായും നോർക്ക കൺവീനറും ലോകകേരള സഭാംഗവുമായ ആൽബിൻ ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."