പത്രികകളുടെ എണ്ണം 14 ആയി; ഇന്നലെ ലഭിച്ചത് ഏഴ്
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഏഴു സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക നല്കി. ഇതോടെ മണ്ഡലത്തില്‍ ലഭിച്ച പത്രികകളുടെ എണ്ണം 14 ആയി. എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇന്നലെ ആദ്യം പത്രിക നല്‍കിയത്.
രാവിലെ പതിനൊന്നോടെ കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എന്‍.കെ ഷാജി, അഡ്വ. സി.ഡി അനില്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മലപ്പുറം വെളിയാംകോട് ഗ്രാമം കല്ലാഴി കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), മലപ്പുറം കുഴിമണ്ണ കിഴിശ്ശേരി മാളിയകപറമ്പില്‍ മൊഹമ്മദ് (ബഹുജന്‍ സമാജ്വാദി പാര്‍ട്ടി), കണ്ണൂര്‍ കണിച്ചാര്‍ പള്ളിക്കമാലില്‍ ജോണ്‍ പി.പി (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്), പനമരം ചെറുകാട്ടൂര്‍ കരിമാക്കില്‍ സെബാസ്റ്റ്യന്‍, സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ കാക്കത്തോട് കോളനിയിലെ ബിജു. കെ, തൃശൂര്‍ വെളുത്തൂര്‍ കൈപ്പുള്ളി പ്രവീണ്‍ കെ.പി (സ്വതന്ത്ര സ്ഥാനാര്‍ഥികള്‍) എന്നിവരും ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് ഇന്നലെ പത്രിക സമര്‍പ്പിച്ചു. ഇന്നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."