ടി.എസ് കനാലിന്റെ തകര്‍ന്ന സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ടി.എസ് കനാലിന്റെ വള്ളക്കടവ് - പുത്തന്‍പാലം റോഡരികിലുള്ള സംരക്ഷണഭിത്തി അടിയന്തിരമായി പുനര്‍ നിര്‍മിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍
അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിക്കാനിടയായ കരിക്കകം അപകടം നടന്നത് ടി.എസ് കനാലിലാണ്. ഇന്‍ലാന്റ് നാവിഗേഷന്‍ ഡയരക്ടര്‍ക്കാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നഗരസഭ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം നല്‍കിയ പരാതിയിലാണ് നടപടി. കനാല്‍ ശുചീകരണത്തിനിടയില്‍ കരിങ്കല്‍ ഭിത്തി തകര്‍ന്നുവെന്നാണ് പരാതി. സംരക്ഷണ ഭിത്തി ഇടിഞ്ഞ സ്ഥലങ്ങളില്‍ ബാരിക്കേട് ടാപ്പ് കെട്ടിയിട്ടുണ്ടെന്ന അധികൃതരുടെ
വിശദീകരണം കമ്മിഷന്‍ തള്ളി. ബാരിക്കേട് ടാപ്പ് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും സുരക്ഷാ സംവിധാനമല്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ആയിരക്കണക്കിന് യാത്രക്കാരും സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് വാഹനങ്ങളും കടന്നുപോകുന്ന സ്ഥലത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ദുരന്തമുണ്ടായിട്ട് വിലപിക്കുന്നതിനേക്കാള്‍ ദുരന്തം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടതെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. കനാലിന്റെ നവീകരണത്തിനോടൊപ്പം വീതി വര്‍ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 ഏപ്രില്‍ 26ല്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ താമസം കൂടാതെ നടപ്പിലാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
25 മീറ്റര്‍ വീതിയിലാണ് പാര്‍വതി പുത്തനാര്‍ വികസിപ്പിക്കുന്നത്. ഇരു കരകളിലും അഞ്ച് മീറ്റര്‍ വീതിയില്‍ ബണ്ട് റോഡ് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."