ഏറ്റുമാനൂര്‍ വിഗ്രഹമോഷണം: കേസിന് തുമ്പുണ്ടാക്കിയ രമണിക്ക് വീടൊരുങ്ങുന്നു
ഏറ്റുമാനൂര്‍: മൂന്നര പതിറ്റാണ്ട് മുന്‍പ് നടന്ന ഏറ്റുമാനൂര്‍ വിഗ്രഹമോഷണക്കേസ് തെളിയിക്കാന്‍ വഴികാട്ടിയായ രമണിക്ക് വീടൊരുങ്ങുന്നു. മോഷണക്കേസില്‍ പിടിയിലായ സ്റ്റീഫന്‍ ശിക്ഷ കഴിഞ്ഞ് ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിട്ടും അന്ന് പൊലിസിന് പിടിവള്ളിയായി മാറിയ പഴയ രമണിയെ എല്ലാവരും മറന്നിരിക്കുകയായിരുന്നു. രമണിയുടെ ഇന്നത്തെ അവസ്ഥ അടുത്തിടെ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.പദ്മകുമാറിന്റെശ്രദ്ധയില്‍ പെടുത്തി. ഇതോടെയാണ് രമണിയുടെ വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് കളമൊരുങ്ങിയത്.
തിരുവനന്തപുരം വെള്ളറട കിളിയൂര്‍ ജങ്ഷനടുത്ത് വളരെ ശോചനീയമായ അവസ്ഥയിലാണ് രമണി താമസിക്കുന്നത്. ഭര്‍ത്താവു മരിച്ചു. തൊഴിലുറപ്പു പദ്ധതിയിലൂടെ ലഭിക്കുന്ന ജോലിയാണ് ഏക വരുമാന മാര്‍ഗം. ഏറെ കഷ്ടതയനുഭവിക്കുന്ന രമണിയ്ക്ക് ഭക്തജനങ്ങളുടെ സഹായത്തോടെയാണ് വീടൊരുക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. രമണിക്ക് ദേവസ്വം ബോര്‍ഡില്‍ താല്‍ക്കാലിക ജോലി ഏര്‍പ്പാടാക്കുമെന്നും പ്രസിഡന്റ്‌സുപ്രഭാതത്തോട് പറഞ്ഞു.
1981 മേയ് 24നാണ് കേരളക്കരയാകെ ഞെട്ടിച്ച് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തങ്കവിഗ്രഹം മോഷണം പോയത്. അന്ന് സര്‍ക്കാരിനെയും പൊലിസിനെയും ഒരു പോലെ വട്ടംചുറ്റിച്ച പ്രമാദമായ കേസ് തെളിയിക്കാന്‍ വഴികാട്ടിയായത് സംസ്ഥാനത്തിന്റെ തെക്കേ അതിര്‍ത്തിയായ പാറശാലയിലെ വിദ്യാര്‍ഥിനി രമണിയുടെ നോട്ട് ബുക്കിലെ താളുകളായിരുന്നു. പൊലിസ് കണ്ടെടുത്ത പുസ്തക താളില്‍ രമണിയുടെ പേരും സ്‌കൂളിന്റെ വിലാസവുമുണ്ടായിരുന്നതാണ് കേസില്‍ വഴിത്തിരിവായത്. പാറശാലയിലെ വിദ്യാര്‍ത്ഥിനിയുടെ പസ്തകതാളുകള്‍ എങ്ങനെ ഏറ്റുമാനൂരില്‍ എത്തിയെന്ന അന്വേഷണമാണു രമണി പുസ്തകം വിറ്റ കടക്കാരനിലേക്കും അതിലൂടെ മോഷ്ടാവ് സ്റ്റീഫനിലേക്കുമെത്തിയത്. ക്ഷേത്രം കുത്തിത്തുറക്കുന്നതിനു മോഷ്ടാവായ സ്റ്റീഫന്‍ ഉപയോഗിച്ച പാര പൊതിഞ്ഞ പേപ്പറായിരുന്നു ആ പുസ്തകതാളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."