പിതാവിന്റെ ഉപദേശമാണ് തന്റെ പ്രശസ്തിക്ക് കാരണം: ഗോപിനാഥ് മുതുകാട്
തിരുവനന്തപുരം: വിജയത്തില്‍ നിന്നും ഒന്നും പഠിക്കാനില്ലെന്നും മറിച്ച് പരാജയത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നുമുള്ള അച്ഛന്റെ ഉപദേശമാണ് തന്റെ പ്രശസ്തിയ്ക്ക് കാരണമെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. 10ാം വയസില്‍ ആദ്യമായി കാണികള്‍ക്കുമുന്നില്‍ മാജിക്ക് അവതരിപ്പിച്ച് പരാജയപ്പെട്ട് നിരാശനായപ്പോഴാണ് തേന്‍തുള്ളി പോലെ അച്ഛന്റെ ഉപദേശം കാതില്‍ വന്നുപതിച്ചത്. അന്നുമുതല്‍ മാജിക്കിനെ ജീവിതത്തിനൊപ്പം കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലോക ഓട്ടിസം ബോധവല്‍കരണ വാരാചരണത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന 20ാമത് കൗമാര ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇരുപതോളം ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് ജീവിതത്തിന്റെ നേരായവഴിയിലെത്തിച്ച അത്ഭുത കഥ പ്രഭാഷണം കേള്‍ക്കാനെത്തിയവര്‍ക്ക് പ്രതീക്ഷയേകുന്നതായിരുന്നു. തുടക്കത്തില്‍ പലകോണുകളില്‍ നിന്നും എതിര്‍പ്പും പരിഹാസവുമുണ്ടായെങ്കിലും കുട്ടികള്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നതോടെ എതിര്‍പ്പുകളുടെ മുനയൊടിഞ്ഞു.
മാജിക് പ്ലാനറ്റിലെ കുട്ടികളുടെ പ്രകടനം കാണാന്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ അധികൃതരെയും കുട്ടികളെയും രക്ഷിതാക്കളെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍, സി.ഡി.സി ഡയരക്ടര്‍ ഡോ. ബാബുജോര്‍ജ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് പ്രസിഡന്റ് ഡോ. ശോഭാ കുമാര്‍, സെക്രട്ടറി ഡോ. അഭിരാം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഡോ. ലീനാ സുമരാജ്, ജി.എല്‍ പ്രസന്ന എന്നിവര്‍ കുട്ടികളുടെ രക്ഷിതാക്കളുമായി ആശയസംവാദം നടത്തി. കുട്ടികളെ പരിചരിക്കുന്നതുസംബന്ധിച്ച് സുഷാ ജനാര്‍ദനന്‍ നയിച്ച ചര്‍ച്ചയും ഉണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം എസ്.എ.ടി പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി, ഡോ. പി.എ മുഹമ്മദ് കുഞ്ഞ്, ഡവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ് അസി. പ്രൊഫസര്‍ ഡോ. ദീപാ ഭാസ്‌കരന്‍, സി.ഡി.സിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം.എസ് ഇന്ദിര, ഡവലപ്‌മെന്റല്‍ പീഡിയാട്രീഷ്യന്‍ (കിംസ് ഹോസ്പിറ്റല്‍) ഡോ. റീബാ ആന്‍ ഡാനിയേല്‍ എന്നിവര്‍ നയിച്ച പാനല്‍ ഡിസ്‌കഷനുമുണ്ടായിരുന്നു. ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍, പീഡിയാട്രിക്‌സ് വിഭാഗം (എസ്.എ.ടി), ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."