പരിഷ്‌കാരം തര്‍ക്കത്തില്‍
മഞ്ചേരി: നഗരത്തില്‍ പ്രാവര്‍ത്തികമാക്കിയ ഗതാഗത പരിഷ്‌കരണത്തില്‍ വലഞ്ഞ് യാത്രക്കാര്‍. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു മലപ്പുറം ഭാഗത്തേക്കുള്ള ബസുകളില്‍ യാത്രക്കാരെ കയറ്റാത്തതും കടുത്ത വേനലില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതും യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുകയാണ്.
പൊലിസുമായുള്ള യാത്രക്കാരുടെ വാക്കുതര്‍ക്കവും തുടര്‍ക്കഥയാകുകയാണ്. ഗതാഗത പരിഷ്‌കാരം നടപ്പാക്കിയ നഗരത്തില്‍ ജനരോഷമിപ്പോള്‍ പൊലിസിനു നേരെയാണ്. മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു കിട്ടാത്തതാണ് യാത്രക്കാരെ ചൊടിപ്പിക്കുന്നത്.
കനത്ത വേനല്‍ചൂടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പോലുമില്ലാതെ പെരുവഴിയിലാണ് സ്ത്രീകളും വൃദ്ധരും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത്. ബസുകളെത്തുന്നുണ്ടെങ്കിലും യാത്രക്കാരെ കയറ്റുന്നതു പൊലിസ് ചോദ്യം ചെയ്യുമ്പോള്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള ബസുകള്‍ എവിടെനിന്നു കിട്ടുമെന്നറിയാതെ വലയുകയാണ് യാത്രക്കാര്‍. ഇതു പലപ്പോഴും പൊലിസുമായുള്ള വാക്കുതര്‍ക്കത്തിനും കാരണമാകുന്നു. വിവിധയിടങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് എവിടെനിന്നു ബസ് കിട്ടുമെന്നു വ്യക്തമാക്കാനുള്ള സംവിധാനങ്ങളൊന്നും നഗരത്തിലൊരുക്കിയിട്ടുമില്ല.
ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാതെയുള്ള ഗതാഗത പരിഷ്‌കാരം ജനങ്ങള്‍ ചേദ്യം ചെയ്യുമ്പോള്‍ ബന്ധപ്പെട്ട അധികൃതരാരും വിഷയത്തില്‍ അനിവാര്യമായ ഇടപെടല്‍ നടത്തുന്നില്ല. പുതിയ പരിഷ്‌കരണം പ്രകാരം മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍നിന്ന് സര്‍വിസ് നടത്തണം. ഇവിടങ്ങളില്‍നി ന്നു മഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ കച്ചേരിപ്പടിതുറയ്ക്കല്‍ കോഴിക്കോട് റോഡ് സെന്‍ട്രല്‍ ജങ്ഷന്‍ വഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലെത്തി പുറപ്പെടണം. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് മലപ്പുറം, പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ബസുകള്‍. പഴയ സ്റ്റാന്‍ഡില്‍ വന്നുപോകുന്ന ബസുകളുടെ എണ്ണം കുറഞ്ഞത് കച്ചവടത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് വ്യാപാരികള്‍ പ്രതിഷേധവുമായെത്തിയത്. പരിഷ്‌കരണത്തില്‍ ഇനി മാറ്റം വരുത്തേണ്ടെന്നാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."