കൂട്ടിച്ചേര്‍ക്കല്‍ ഈമാസം അവസാനം
ജറൂസലം: യു.എസ് ഒഴികെയുള്ള സഖ്യരാജ്യങ്ങളുടെ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ തുടങ്ങാനാകാതെ ഇസ്റാഈല്‍. നേരത്തെ തീരുമാനിച്ച തീയതി ഇന്നലെയായിരുന്നു. തീയതി ഈമാസം അവസാനത്തേക്ക് നീളുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്റാഈലിന്റെ ചില അടുത്ത സഖ്യരാജ്യങ്ങള്‍ നീക്കത്തെ അപലപിച്ചതിനെ തുടര്‍ന്നാണിതെന്ന് നെതന്യാഹുവിന്റെ വിശ്വസ്തനായ മേഖലാ സഹകരണമന്ത്രി ഒഫിര്‍ അകുനിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു വരുകയാണ്. മിക്കവാറും ഈമാസം അവസാനമാകും കൂട്ടിച്ചേര്‍ക്കലെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുന്നതിനെ യു.എന്നും യൂറോപ്യന്‍ യൂനിയനും കൂടാതെ ബ്രിട്ടന് ഉള്‍പ്പെടെയുള്ള ഇസ്റാഈലിന്റെ അടുത്ത സഖ്യരാജ്യങ്ങളും എതിര്‍ത്തിരുന്നു. ഇസ്റാഈലിലെ പ്രമുഖ ദിനപത്രമായ യദിയോത് അഹ്രോനോതിലെഴുതിയ ഒന്നാം പേജ് ലേഖനത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ബ്രിട്ടന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കലുമായി മുന്നോട്ടുപോകരുതെന്നും അതു നടന്നാല്‍ 1967ലെ കരാറില്‍ ഒരു മാറ്റവും ബ്രിട്ടന് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമായ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയുടെ ഇടയില്‍ ധൃതിപിടിച്ച് കൂട്ടിച്ചേര്‍ക്കല്‍ നടത്തേണ്ടതില്ലെന്നും മേഖലയിലെ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണയോടെയാണിത് നടപ്പാക്കേണ്ടതെന്നുമാണ് പാര്‍ട്ടി നേതാവും പ്രതിരോധമന്ത്രിയുമായ ബെന്നി ഗാന്റ്സ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."